Asianet News MalayalamAsianet News Malayalam

ഐപിഎല്‍ സംപ്രേഷണാവകാശം; ലേലം പുരോഗമിക്കുന്നു, ഒരു മത്സരത്തിന് 100 കോടി കവിഞ്ഞു

2017ല്‍ സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണാവകാശം സ്വന്തമാക്കിയപ്പോള്‍ ഒരു മത്സരത്തിന് 54.5 കോടി രൂപയായിരുന്നു നല്‍കേണ്ടിവന്നത്. മുന്‍തവണത്തേതില്‍ നിന്ന് അപേക്ഷിച്ച് ഇത്തവണ ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കാനാണ് കടുത്ത മത്സരം. ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളും പ്രചാരം വര്‍ധിച്ചതും ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവും ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരം കടുത്തതാക്കുന്നു.

IPL Media Rights Auction: price per match goes past Rs 100 crore
Author
Mumbai Central railway station building, First Published Jun 12, 2022, 5:21 PM IST

മുംബൈ: ഐപിഎല്‍ (IPL Media Rights auction) സംപ്രേഷണാവകാശത്തിനുള്ള ലേലം പുരോഗമിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ടിവി, ഡിജിറ്റല്‍ സംപ്രേഷണവകാശത്തിനുള്ള തുക ഒരു മത്സരത്തിന് 100 കോടി കവിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംപ്രേഷണവകാശത്തിനുള്ള ആകെ ലേലത്തുക 42000 കോടി കവിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ബിസിസിഐ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 32,440 കോടിയെക്കാള്‍ 10000 കോടിയോളം കൂടുതലാണ് ഏറ്റവും ഒടുവില്‍ ലേലത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ മുന്നോട്ടുവെച്ചിരിക്കുന്ന തുക. എന്നാല്‍ തുക അന്തിമമായിട്ടില്ല. ലേല  നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

2017ല്‍ സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണാവകാശം സ്വന്തമാക്കിയപ്പോള്‍ ഒരു മത്സരത്തിന് 54.5 കോടി രൂപയായിരുന്നു നല്‍കേണ്ടിവന്നത്. മുന്‍തവണത്തേതില്‍ നിന്ന് അപേക്ഷിച്ച് ഇത്തവണ ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കാനാണ് കടുത്ത മത്സരം. ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളും പ്രചാരം വര്‍ധിച്ചതും ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവും ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരം കടുത്തതാക്കുന്നു.

ഒരു മത്സരത്തിന് 100 കോടി കവിയുന്നതോടെ ഐപിഎല്‍ ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്ന കായിക ലീഗാകും. നിലവില്‍ നാഷണല്‍ ഫുട്ബോള്‍ ലീഗ്(ഏകദേശം ഒരു മത്സരത്തിന് 133 കോടി രൂപ) ആണ്  ലോകത്തില ഏറ്റവും അതിസമ്പന്ന കായിക ലീഗ്. എന്‍എഫ്ല്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, മേജര്‍ ലീഗ് ബേസ്ബോള്‍ എന്നിവക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് ഐപിഎല്‍.

2023 മുതല്‍ 2027 വരെയുള്ള കാലയളവിലേക്കാണ് സംപ്രേഷണാവകാശം ലേലം ചെയ്യുന്നത്. മുകേഷ് അംബാനിയുടെ (Mukesh Ambani) റിലയന്‍സ് ഗ്രൂപ്പും ഹോട്ട് സ്റ്റാറുമാണ് സംപ്രേഷണാവകാശം സ്വന്തമാക്കാന്‍ മത്സരിക്കുന്നവരില്‍ പ്രധാനികള്‍ . വിവിധ രാജ്യങ്ങളിലേക്കുളള ടെലിവിഷന്‍ സംപ്രേഷണാവകാശവും ഓണ്‍ലൈന്‍ സ്ട്രീമിങ് അവകാശവും സ്വന്തമാക്കുന്നതിനാണ് ലേലം. നിലവില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന്‍റെ അവകാശം ഹോട്ട്സ്റ്റാറിനാണ്.

പത്തു കമ്പനികളാണ് സ്ട്രീമിംഗ്, ടെലിവിഷന്‍ സംപ്രേഷണം സ്വന്തമാക്കാനായി ഇപ്പോള്‍ രംഗത്തുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18, വാള്‍ട്ട് ഡിസ്‌നിയുടെ കീഴിലുള്ള സ്റ്റാര്‍ ഗ്രൂപ്പ്, സീ ടിവി, സോണി എന്നിവരാണ് പ്രമുഖര്‍. ലേലത്തില്‍ 59000 കോടി രൂപയോളം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വയാകോം 18ന് മറ്റുള്ളവരെക്കാള്‍ മുന്‍തൂക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഒടിടി ഭീമന്മാരായ ആമസോണ്‍ പിന്മാറിയിരുന്നു.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് ബിഡിനുള്ള അപേക്ഷ വാങ്ങിയെങ്കിലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്‍ മത്സരങ്ങളുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണ അവകാശം സ്വന്തമാക്കാനായാണ് കമ്പനികള്‍ മത്സരിക്കുന്നത്. നിലവില്‍ 74 മത്സരങ്ങളാണ് ഒരു സീസണില്‍ ഉണ്ടാവുകയെങ്കിലും അവസാന രണ്ടുവര്‍ഷം ഇത് 94 മത്സരങ്ങളായി ഉയരാം. പ്രധാനമായും നാല് വിഭാഗങ്ങളിലായാണ് സംപ്രേഷണവകാശം വില്‍ക്കുന്നത്.

എ വിഭാഗത്തില്‍ ഇന്ത്യയിലെ ടെലിവിഷന്‍ സംപ്രേഷണവകാശമാണ് വില്‍ക്കുന്നത്. ബി വിഭാഗത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഡിജിറ്റല്‍ സംപ്രേഷണവകാശമാണുള്ളത്. സി വിഭാഗത്തില്‍ തെരഞ്ഞെടുത്ത 18 മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണവകാശമാണ് ഉണ്ടാവുക. ഡി വിഭാഗത്തില്‍ ഇന്ത്യക്ക് പുറത്തെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണവകാശമുള്ളത്.

ഡിജിറ്റല്‍ സംപ്രേഷണത്തിന് മാത്രമായി ടൈംസ് ഇന്റര്‍നെറ്റ്, ഫണ്‍ ഏഷ്യ, ഡ്രീം 11, ഫാന്‍കോഡ് എന്നീ കമ്പനികളും ഇന്ത്യക്ക് പുറത്തെ സംപ്രേഷണവകാശം സ്വന്തമാക്കാനായി സ്‌കൈ സ്‌പോര്‍ട്‌സ് (യുകെ), സൂപ്പര്‍ സ്‌പോര്‍ട്‌സ് (ദക്ഷിണാഫ്രിക്ക) കമ്പനികളാണുള്ളത്. അഞ്ച് വര്‍ഷം മുമ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 16,347.50 കോടി രൂപ മുടക്കിയാണ് ടിവി, ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കിയത്.

Follow Us:
Download App:
  • android
  • ios