കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് നായകനായിരുന്ന വാര്‍ണറെ സീസണിടയില്‍വെച്ച് മാറ്റിയിരുന്നു. ടീമിന്‍റെ തുടര്‍തോല്‍വികളെ തുടര്‍ന്ന് വാര്‍ണര്‍ക്ക് പകരം കെയ്ന്‍ വില്യംസണെ ഹൈദരാബാദ് നായകനാക്കി. പിന്നീട് ടീമില്‍ നിന്ന് പോലുു പുറത്തായ വാര്‍ണര്‍ പലപ്പോഴും ഗ്യാലറിയിലിരുന്ന് മത്സരം കാണുന്ന കാഴ്ചയും ആരാധകര്‍ കണ്ടു.

ബെംഗലൂരു: ഫെബ്രുവരി രണ്ടാം വാരം നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍(IPL Mega Autcion) കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) നായകനായിരുന്നു ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ(David Warner) ഭാവി പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര( Aakash Chopra). അടുത്ത സീസണില്‍ പഞ്ചാബ് കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചല‌ഞ്ചേഴ്സ് ബാംഗ്ലൂരും പുതിയ നായകരെ തേടുകയാണെങ്കിലും ഇവരാരും വാര്‍ണറെ നായകനാക്കില്ലെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് നായകനായിരുന്ന വാര്‍ണറെ സീസണിടയില്‍വെച്ച് മാറ്റിയിരുന്നു. ടീമിന്‍റെ തുടര്‍തോല്‍വികളെ തുടര്‍ന്ന് വാര്‍ണര്‍ക്ക് പകരം കെയ്ന്‍ വില്യംസണെ ഹൈദരാബാദ് നായകനാക്കി. പിന്നീട് ടീമില്‍ നിന്ന് പോലുു പുറത്തായ വാര്‍ണര്‍ പലപ്പോഴും ഗ്യാലറിയിലിരുന്ന് മത്സരം കാണുന്ന കാഴ്ചയും ആരാധകര്‍ കണ്ടു.

മൂന്ന് ടീമുകളും പുതിയ ക്യാപ്റ്റനെ അന്വേഷിക്കുകയാണെങ്കിലും കൊല്‍ക്കത്തയോ, പഞ്ചാബോ, ബാംഗ്ലൂരോ വാര്‍ണറെ നായകനാക്കാനിടയില്ല. വാര്‍ണറെ ഒരു ടീമും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ ലേലത്തില്‍ വാര്‍മറെ വന്‍തുക മുടക്കി സ്വന്തമാക്കാന്‍ ടീമുകളുണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ ആരും ക്യാപ്റ്റനാക്കില്ലെന്ന് മാത്രം. കാരണം, ഐപിഎല്‍ എന്നത് ചെറിയൊരു കുടുംബമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷം നടന്നത് എന്താണെന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. അതിനുള്ള കാരണവും പ്രശ്നങ്ങളും എല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് ടീമിനും കളിക്കാര്‍ക്കിടയിലും ഉണ്ടാക്കിയ പ്രശ്നങ്ങളും-ആകാശ് ചോപ്ര പറഞ്ഞു.

കളിക്കാരനെന്ന നിലയില്‍ വാര്‍ണറെ ബാംഗ്ലൂര്‍ സ്വന്തമാക്കിയാല്‍ നല്ലതായിരിക്കുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. വിരാട് കോലിയും വാര്‍ണറും തുടക്കമിടുന്ന ഓപ്പണിംഗ് സഖ്യം ടീമിന് മുതല്‍ക്കൂട്ടാകുമെന്നും ചോപ്ര പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി എട്ട് മത്സരങ്ങള്‍ കളിച്ച വാര്‍ണര്‍ക്ക് 195 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കഴിഞ്ഞ ആറ് സീസണുകള്‍ക്കിടെ ആദ്യമായിട്ടായിരുന്നു വാര്‍ണര്‍ സീസണില്‍ 500ല്‍ താഴെ റണ്‍സ് സ്കോര്‍ ചെയ്യുന്നത്. ഐപിഎല്ലില്‍ നിറം മങ്ങിയ വാര്‍ണര്‍ പക്ഷെ അതിന് പിന്നാലെ നടന്ന ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.