അതേസമയം, മലയാളി താരം സല്‍മാന്‍ നിസാറിനും ഇന്ത്യൻ മുന്‍ ഓപ്പണര്‍ പൃഥ്വി ഷാക്കും രണ്ടാം റൗണ്ട് താരലേലത്തിലും ആവശ്യക്കാരുണ്ടായില്ല. 

അബുദാബി: ഐപിഎല്‍ താരലേലത്തില്‍ ആദ്യ റൗണ്ടില്‍ ആരും ടീമിലെടുക്കാതിരുന്ന ഇന്ത്യൻ താരം സര്‍ഫറാസ് ഖാനെ രണ്ടാം റൗണ്ട് ലേലത്തില്‍ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്കാണ് സര്‍ഫറാസിനെ ചെന്നൈ ടീമിലെടുത്തത്. മറ്റ് ടീമുകളാരും സര്‍ഫറാസിനായി രംഗത്തുവന്നിരുന്നില്ല. ഐപിഎല്‍ ലേലം തുടങ്ങുന്നിന് തൊട്ടുമുമ്പ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി 15 പന്തില്‍ അര്‍ധസെഞ്ചുറി നേടി സര്‍ഫറാസ് തിളങ്ങിയിരുന്നു.22 പന്തില്‍ 73 റണ്‍സടിച്ച് മുംബൈയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു. ആറ് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു സര്‍ഫറാസിന്‍റെ ഇന്നിംഗ്സ്. ആദ്യ റൗണ്ടില്‍ ആവശ്യക്കാരില്ലാതെ പോയ താരങ്ങളെ വീണ്ടും ലേലത്തിന് വെച്ചപ്പോഴാണ് സര്‍ഫറാസിനെ ചെന്നൈ സ്വന്തമാക്കിയത്.

View post on Instagram

അതേസമയം, മലയാളി താരം സല്‍മാന്‍ നിസാറിനും ഇന്ത്യൻ മുന്‍ ഓപ്പണര്‍ പൃഥ്വി ഷാക്കും രണ്ടാം റൗണ്ട് താരലേലത്തിലും ആവശ്യക്കാരുണ്ടായില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന പൃഥ്വിക്കായി ഡല്‍ഹിയും രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയമായി. കേരള ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചിട്ടും സല്‍മാനെയും ആരും ടീമിലെടുത്തില്ല. മറ്റൊരു മുന്‍ ഇന്ത്യൻ താരം ദീപക് ഹൂഡയെയും ലേലത്തില്‍ ആരും ടീമിലെടുത്തില്ല. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായാണ് ഹൂഡ കളിച്ചത്. 75 ലക്ഷം രൂപയായിരുന്നു ദീപക് ഹൂഡയുടെ അടിസ്ഥാന വില. ശിവം മാവിയെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെടുത്തപ്പോള്‍ മറ്റൊരു ഇന്ത്യൻ പേസറായ കമേലഷ് നാഗര്‍ഗോട്ടിക്ക് ആവശ്യക്കാരുണ്ടായില്ല.

മുംബൈ താരമായിരുന്ന ആകാശ് മധ്‌വാൾ, മുരുഗന്‍ അശ്വിന്‍, മലയാളി താരം സല്‍മാന്‍ നിസാര്‍, കെ എം ആസിഫ്ഫ്, രാജ്യവര്‍ധന്‍ ഹങ്കരേക്കര്‍, മനന്‍ വോറ, ആദം മില്‍നെ, അഥര്‍വ ടൈഡെ, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത്, ഓസീസ് പേസര്‍ സ്പെന്‍സര്‍ ജോണ്‍സണ്‍, ഓസീസ് വെടിക്കെട്ട് ബാറ്റര്‍ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗ് എന്നിവര്‍ക്കും രണ്ടാം റൗണ്ടില്‍ ആവശ്യക്കാരുണ്ടായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക