15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സര്‍ഫറാസ് 22 പന്തില്‍ 73 റണ്‍സടിച്ച് മുംബൈയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

മുംബൈ: ഐപിഎല്‍ ലേലം തുടങ്ങുന്നിന് തൊട്ടുമുമ്പ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി 15 പന്തില്‍ അര്‍ധസെഞ്ചുറി നേടി ഞെട്ടിച്ചെങ്കിലും ഇന്ത്യൻ താരം സര്‍ഫറാസ് ഖാനെ താരലേലത്തില്‍ ആരും ടീമിലെടുത്തില്ല. മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗ് പോരാട്ടത്തിലായിരുന്നു സര്‍ഫറാസിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി. മുംബൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തപ്പോള്‍ മുംബൈ 18.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സര്‍ഫറാസ് 22 പന്തില്‍ 73 റണ്‍സടിച്ച് മുംബൈയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ആറ് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു സര്‍ഫറാസിന്‍റെ ഇന്നിംഗ്സ്.

അജിങ്ക്യാ രഹാനെ 41 പന്തില്‍ 71 റണ്‍സടിച്ചപ്പോള്‍ 9 പന്തില്‍ 26 റണ്‍സടിച്ച് അഥര്‍വ അങ്കോലേക്കര്‍ മത്സരം ഫിനിഷ് ചെയ്തു. അഥര്‍വ അങ്കൊലേക്കറെ 30 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യൻസ് ഐപിഎല്‍ താരലേലത്തില്‍ ടീമിലെത്തിച്ചെങ്കിലും സര്‍ഫറാസിനെ കണ്ടില്ലെന്ന് നടിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടിയിട്ടും 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സര്‍ഫറാസിനായി ആരും രംഗത്തുവരാതിരുന്നത് ആരാധകരെ ഞെട്ടിച്ചു.

ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റായ സര്‍ഫറാസിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ശക്തമായി രംഗത്തെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മധ്യനിര ബാറ്ററായ സര്‍ഫറാസിൽ ചെന്നയും താല്‍പര്യം കാട്ടിയില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ സര്‍ഫറാസ് ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന സര്‍ഫറാസിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടിയില്ല. 

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ മോശം പ്രകടനത്തിന്‍റെ പേരില്‍ ഡ്രസ്സിംഗ് റൂമില്‍ കോച്ച് ഗൗതം ഗംഭീര്‍ പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സര്‍ഫറാസാണ് ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന കോച്ച് ഗൗതം ഗംഭീറിന്‍റെ നിലപാടിനെ തുടര്‍ന്ന് പിന്നീട് സര്‍ഫറാസിനെ ഇന്ത്യൻ ടീമിലേക്കും പരിഗണിച്ചിട്ടില്ല. ഇന്ത്യ എ ടീമിനായി മികച്ച പ്രകടനം നടത്തിയിട്ടും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലോ നാട്ടില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കക്കുമെതിരായ ടെസ്റ്റ് പരമ്പരകളിലോ സര്‍ഫറാസിനെ പരിഗണിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക