സഞ്ജു ചേട്ടൻ വിളിച്ചിട്ട് ആദ്യം തന്നെ വെൽക്കം ടൂ ദി ഫാമിലി എന്നാണ് പറഞ്ഞത്. അത് കേട്ടപ്പോൾ വലിയ സന്തോഷമായി.
കൊച്ചി: ഐപിഎല്‍ ടീമിലെത്തിയതിൽ സന്തോഷമെന്ന് മലയാളി താരം അബ്ദുൾ ബാസിത്. രാജസ്ഥാന്‍റെ ട്രയൽസില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. സഞ്ജുവാണ് ട്രയൽസിലേക്ക് വിളിച്ചുകൊണ്ട് പോയത്. അവസരം ലഭിച്ചാൽ മികച്ച പ്രകടനത്തിന് ശ്രമിക്കുമെന്നും ബാസിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാവരെയും പോലെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, എല്ലാം ഭാഗ്യം കൊണ്ടാണ്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന് ശേഷം ഞങ്ങൾ ആറോളം പേരെ സഞ്ജു ചേട്ടൻ വിളിച്ച് കൊണ്ട് പോവുകയായിരുന്നു.
ട്രയൽസിന് പോയ എല്ലാവരും നന്നായി തന്നെ ചെയ്തിരുന്നു. എല്ലാവരോടും നല്ല അഭിപ്രായം തന്നെയാണ് ട്രയൽസിന് ശേഷം പറഞ്ഞത്. സഞ്ജു ചേട്ടൻ വിളിച്ചിട്ട് ആദ്യം തന്നെ വെൽക്കം ടൂ ദി ഫാമിലി എന്നാണ് പറഞ്ഞത്. അത് കേട്ടപ്പോൾ വലിയ സന്തോഷമായി. അവസരം കിട്ടുമ്പോൾ ഏറ്റവും നല്ല പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിക്കണം. അല്ലാതെ മറ്റ് ആലോചനകൾ ഒന്നും ഇപ്പോഴില്ലെന്ന് അബ്‍ദുൾ ബാസിത് പറഞ്ഞു.
അബ്‍ദുളിന്റെ അച്ഛൻ കെഎസ്ആർടിസി ഡ്രൈവറാണ്. ഇപ്പോൾ ശബരിമല ഡ്യൂട്ടിയിലാണ് അദ്ദേഹമുള്ളത്. രാജസ്ഥാൻ ടീമിൽ എടുത്തപ്പോൾ തന്നെ അച്ഛനെ വിളിച്ച് എല്ലാം പറഞ്ഞു. സച്ചിൻ ടെൻഡുൽക്കറുടെ കളി കണ്ടാണ് ക്രിക്കറ്റിലേക്ക് വന്നത്. പക്ഷേ, നമ്മുടെ നാട്ടിൽ നിന്ന് കയറിപ്പോകുന്ന ഒരാളെ കണ്ട് പഠിക്കുന്നതാണ് നല്ലത്. ഇപ്പോൾ സഞ്ജു ചേട്ടനെ മാതൃകയാക്കുന്നത്. ചേട്ടൻ ശരിക്കും ഒരു പ്രചോദനമാണ്. കൂടാതെ അക്കാദമിയിൽ സീനിയറായ മുഹമ്മദ് അസ്ഹറുദ്ദീനും പ്രചോദനമാണെന്നും അബ്‍ദുൾ ബാസിത് പറഞ്ഞത്. ഐപിഎൽ മിനി താരലേലത്തിൽ രണ്ട് മലയാളി താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.
ആദ്യ ഘട്ടത്തിൽ മലയാളി താരങ്ങൾക്ക് നിരാശയായിരുന്നെങ്കിലും വീണ്ടും വിളിയെത്തിയപ്പോൾ രാജസ്ഥാൻ രണ്ട് താരങ്ങളെ തങ്ങളുടേതാക്കി മാറ്റുകയായിരുന്നു. ആദ്യം മലയാളി താരം കെ എം ആസിഫിനെ 30 ലക്ഷം രൂപ മുടക്കിയാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. മുമ്പ് സിഎസ്കെയിൽ കളിച്ച് പരിചയമുള്ള താരമാണ് ആസിഫ്. പിന്നാലെ ഓൾ റൗണ്ടർ അബ്‍ദുൾ ബാസിത്തിനെ 20 ലക്ഷത്തിനും രാജസ്ഥാൻ തന്നെ വിളിച്ചെടുത്തു. സഞ്ജുവിനൊപ്പം രണ്ട് മലയാളി താരങ്ങൾ കൂടെ രാജസ്ഥാൻ ടീമിലെത്തിയതിന്റെ സന്തോഷത്തിലാണ് കേരളം.
