11 കളികളില്‍ 509 റണ്‍സെടുത്ത സായ് സുദര്‍ശന്‍ സൂര്യക്ക് തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. 43 റണ്‍സുമായി തിളങ്ങിയ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ 508 റണ്‍സുമായി റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ്.
മുംബൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 റൺസടിച്ചതോടെ ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാര്‍ യാദവ്. 24 പന്തില്‍ 35 റണ്‍സെടുത്ത സൂര്യകുമാര്‍ തുടര്‍ച്ചയായ പന്ത്രണ്ടാം മത്സരത്തിലും 25 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന റെക്കോര്‍ഡോഡുമായി 12 മത്സരങ്ങളില്‍ 510 റണ്‍സടിച്ചാണ് ഓറഞ്ച് ക്യാപ് തിരികെ പിടിച്ചത്. സൂര്യയില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്ന ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ ഇന്നലെ അഞ്ച് റണ്‍സെടുത്ത് മടങ്ങിയതോടെയാണ് സൂര്യ ഓറഞ്ച് ക്യാപ് തലയില്‍ ഉറപ്പിച്ചത്.
11 കളികളില്‍ 509 റണ്‍സെടുത്ത സായ് സുദര്‍ശന്‍ സൂര്യക്ക് തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. 43 റണ്‍സുമായി തിളങ്ങിയ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ 508 റണ്‍സുമായി റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ്. 11 കളികളില്‍ 505 റണ്‍സെടുത്ത ആര്‍സിബിയുടെ വിരാട് കോലി നാലാമതും 11 മത്സരങ്ങളില്‍ 500 റണ്‍സെടുത്ത ഗുജറാത്തിന്‍റെ ജോസ് ബട്‌ലര്‍ അഞ്ചാമതുമാണ്.
ടോപ് ഫൈവില്‍ മൂന്ന് ഗുജറാത്ത് താരങ്ങളുള്ളപ്പോള്‍ ടീമിന്‍റെ മോശം പ്രകടനത്തിലും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 12 മത്സരങ്ങളില്‍ 473 റണ്‍സുമായി ആറാം സ്ഥാനത്തുണ്ട്. പ്രഭ്‌സിമ്രാന്‍ സിംഗ്(437), നിക്കോളാസ് പുരാന്‍(410), ശ്രേയസ് അയ്യര്‍(405), കെ എല്‍ രാഹുല്‍(381) എന്നിവരാണ് ടോപ് 10ല്‍ ഇടം നേടിയ താരങ്ങള്‍.
ലക്നൗ താരം മിച്ചല്‍ മാര്‍ഷ് 10 കളികളിൽ 378 റണ്‍സുമായി പതിനൊന്നാം സ്ഥാനത്തുള്ളപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് 12 കളികളില്‍ 377 റണ്‍സുമായി 12-ാം സ്ഥാനത്തുണ്ട്. ഏയ്ഡന്‍ മാര്‍ക്രം(348), പ്രിയാന്‍ഷ് ആര്യ(347), റിയാന്‍ റിക്കിള്‍ടണ്‍(334) എന്നിവരാണ് ആദ്യ 15ലുള്ളത്.


