ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ പ്രസിദ്ധ് കൃഷ്ണയും നൂര്‍ അഹമ്മദും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ട്രന്റ് ബോള്‍ട്ടും മത്സരത്തില്‍ ശക്തമായ സാന്നിധ്യമാണ്.

മുംബൈ: ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരില്‍ ശക്തമായ മത്സരം. 13 മത്സരങ്ങളിര്‍ 21 വിക്കറ്റ് വീതം നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രസിദ്ധ് കൃഷ്ണ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നൂര്‍ അഹമ്മദ് എന്നിവരാണ് മുന്നില്‍. ഇന്ന് ചെന്നൈ - ഗുജറാത്ത് പോരാട്ടമുണ്ട്. ഇതില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്നവര്‍ ഒന്നാമതെത്തും. എന്നാല്‍ ചെന്നൈ ഇതിനോടകം പുറത്ത് പോയതിനാല്‍ നൂര്‍ അഹമ്മദിന് കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കില്ല. ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ്. കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നതിനാല്‍ പ്രസിദ്ധിന് ഇനിയും വിക്കറ്റുകള്‍ വീഴ്ത്താനാവും. ഇന്ന് നൂര്‍ അഹമ്മദ് മുന്നില്‍ വന്നാല്‍ പോലും വരും മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്തിയാല്‍ പ്രസിദ്ധ് പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കും. 

പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരില്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രന്റ് ബോള്‍ട്ടുമുണ്ട്. 13 മത്സരങ്ങള്‍ കളിച്ച താരം 19 വിക്കറ്റുകല്‍ വീഴ്ത്തി. ടീം പ്ലേ ഓഫ് ഉറപ്പിച്ചിരിക്കെ ബോള്‍ട്ടിന് കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിക്കും. അതിലൂടെ പ്രസിദ്ധിന് കടുത്ത വെല്ലുവിളി ഉയര്‍ത്താനും സാധിക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ജോഷ് ഹേസല്‍വുഡ് നാലാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ 18 വിക്കറ്റാണ് ഹേസല്‍വുഡ് വീഴ്ത്തിയത്. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ചില മത്സരങ്ങള്‍ നഷ്ടമായത് തിരിച്ചടിയായി. എന്നാല്‍ പ്ലേ ഓഫ് കളിക്കാന്‍ ഓസീസ് പേസറുമുണ്ടാവും. 

17 വിക്കറ്റ് വീഴ്ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തിയാണ് നാലാമത്. ഇന്ന് കൊല്‍ക്കത്തയ്ക്ക് ഒരു മത്സരം കളിക്കാനുണ്ട്. നില മെച്ചപ്പെടുത്താന്‍ വരുണിന് സാധിച്ചേക്കും. അവരുടെ അവസാന മത്സരമാമിത്. 16 വിക്കറ്റ് വീതം നേടിയ വൈഭവ് അറോറ, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, പാറ്റ് കമ്മിന്‍സ്, സായ് കിഷോര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ആറ് മുതല്‍ 11 വരെയുള്ള സ്ഥാനങ്ങളിലുണ്ട്.

ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ഇഞ്ചോടിച്ച് പോരാട്ടം തുടരുകയാണ്. 13 മത്സരങ്ങളില്‍ 638 റണ്‍സ് നേടിയ സായിയാണ് ഒന്നാമത്. 53.17 ശരാശരിയിലാണ് സായിയുടെ നേട്ടം. 155.99 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഗില്‍ രണ്ട് റണ്‍സ് മാത്രം പിറകില്‍. 636 റണ്‍സ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ഇറങ്ങുമ്പോള്‍ ആര് മുന്നിലെത്തുമെന്ന് അറിയാന്‍ സാധിക്കും. മുംബ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് (583), മിച്ചല്‍ മാര്‍ഷ് (560), യശസ്വി ജയ്‌സ്വാള്‍ (559) എന്നിവര്‍ മൂന്ന് മുതല്‍ അഞ്ച് വരെയുളള സ്ഥാനങ്ങളില്‍.