Asianet News MalayalamAsianet News Malayalam

IPL Retention: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ അന്തിമ പട്ടികയായി

എന്നാല്‍ ചെന്നൈ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തിയത് ധോണിയെ അല്ല രവീന്ദ്ര ജഡേജയെ ആണെന്നത് കൗതുകമായി. ഇതോടെ ജഡേജക്ക് 16 കോടി രൂപ പ്രതിഫലമായി ലഭിക്കും.

IPL Retention : 8 IPL teams retained players full list here
Author
Mumbai, First Published Nov 30, 2021, 10:38 PM IST

ചെന്നൈ: ഐപിഎല്‍ മെഗാ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings)  നായകന്‍ എം എസ് ധോണി(MS Dhoni) ഉള്‍പ്പെടെ നാലു കളിക്കാരെ നിലനിര്‍ത്തി. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ(Ravindra Jadeja), റുതുരാജ് ഗെയ്‌ക്‌വാദ്(Ruturaj Gaikwad), മൊയീന്‍ അലി(Moeen Ali.) എന്നിവരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്.

എന്നാല്‍ ചെന്നൈ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തിയത് ധോണിയെ അല്ല രവീന്ദ്ര ജഡേജയെ ആണെന്നത് കൗതുകമായി. ഇതോടെ ജഡേജക്ക് 16 കോടി രൂപ പ്രതിഫലമായി ലഭിക്കും. ചെന്നൈ നിലനിര്‍ത്തിയ കളിക്കാരില്‍ ധോണി രണ്ടാമനാണ്. 12 കോടി രൂപയാണ് ധോണിക്ക് പ്രതിഫലമായി ലഭിക്കുക. മൊയിന്‍ അലി(8 കോടി) റുതുരാജ് ഗെയ്ക്‌വാദ്(6 കോടി) എന്നിങ്ങനെയാണ് ചെന്നൈ നിലനിര്‍ത്തിയ കളിക്കാര്‍.

രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തി. എന്നാല്‍ മൂന്ന് കളിക്കാരെ മാത്രം നിലനിര്‍ത്തിയതിനാല്‍ സഞ്ജുവിന് 14 കോടി രൂപയാകും പ്രതിഫലം.  ജോസ് ബട്‌ലര്‍(10 കോടി), യശസ്വി ജയ്‌സ്വാള്‍(4 കോടി) എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റു കളിക്കാര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് വിദേശ താരങ്ങളെയും രണ്ട് ഇന്ത്യന്‍ താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍(12 കോടി), വെങ്കടേഷ് അയ്യര്‍(8 കോടി) മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി(8 കോടി) സ്പിന്നര്‍ സുനില്‍ നരെയ്ന്‍(6 കോടി) എന്നിവരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്(16 കോടി), അക്സര്‍ പട്ടേല്‍(9 കോടിl),ഓപ്പണര്‍ പൃഥ്വി ഷാ(7.5 കോടി),  ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ട്യ(6.5 കോടി) എന്നിവരെ നിലനിര്‍ത്തി.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍  കഴിഞ്ഞ സീസണോടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച വിരാട് കോലിയെയും(15 കോടി) ഓസ്ട്രലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(11 കോടി) പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെയും(7 കോടി) ആണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും(16 കോടി) പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയെയുമാണ്(12 കോടി) നിലനിര്‍ത്തിയത്. സൂര്യകുമാര്‍ യാദവിനെയും(8 കോടി), കീറോണ്‍ പൊള്ളാര്‍ഡിനെയും(6 കോടി) ആണ് നിലനിര്‍ത്തിയത്.

സണ്‍ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെയും(14 കോടി) പേസര്‍ ഉമ്രാന്‍ മാലിക്കിനെയും(4 കോടി) ബാറ്റര്‍ അബ്ദുള്‍ സമദിനെും(4 കോടി)നിലനിര്‍ത്തി.

പഞ്ചാബ് കിംഗ്സ് മായങ്ക് അഗര്‍വാളിനെയും(12 കോടി) ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗിനെയും(4 കോടി) നിലനിര്‍ത്തി.

പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നാലു കളിക്കാരെ വീതമാണ് ഓരോ ടീമിനും നിലനിര്‍ത്താന്‍ കഴിയുക.

കളിക്കാരെ നിലനിര്‍ത്തിയശേഷം ഏറ്റവും കൂടുതല്‍ തുക കൈവശമുള്ള ടീം പഞ്ചാബ് കിംഗ്സാണ്. 72 കോടി രൂപ പഞ്ചാബിന് ലേലത്തില്‍ മുടക്കാം. ഏറ്റവും കുറവ് തുക കൈവശമുള്ളത് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്. 47.50 കോടി രൂപയാണ് ഡല്‍ഹിക്ക് ലേലത്തില്‍ മുടക്കാനാവുക.

മറ്റു ടീമുകളുടെ കൈവശമുള്ള തുക, ചെന്നൈ സൂപ്പര്‍ കിംഗ്സ്(48 കോടി), കൊല്‍ക്കത്ത്(48 കോടി), മുംബൈ ഇന്ത്യന്‍സ്(48 കോടി), രാജസ്ഥാന്‍ റോയല്‍സ്(62 കോടി), ബാംഗ്ലൂര്‍(57 കോടി), ഹൈദരാബാദ്(68 കോടി) എന്നിങ്ങനെയാണ്.

Follow Us:
Download App:
  • android
  • ios