ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിംഗ് പരിശീലകസ്ഥാനത്ത് മുന്‍താരം സഞ്‌ജയ് ബാംഗറിനെ എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്‌ഷന്‍ കമ്മിറ്റി നിലനിര്‍ത്തിയിരുന്നില്ല. ബൗളിംഗ്- ഫീല്‍ഡിംഗ് പരിശീലകരെ നിലനിര്‍ത്തിയപ്പോഴാണ് ബാംഗറിനെ ഒഴിവാക്കിയത്. എന്നാല്‍ ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ തഴഞ്ഞെങ്കിലും ഐപിഎല്‍ ക്ലബ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാംഗറിനെ ബാറ്റിംഗ് പരിശീലകനാക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് രവി ശാസ്‌ത്രിയോട് മത്സരിച്ച് പരാജയപ്പെട്ട മൈക്ക് ഹെസനെ ആര്‍സിബി കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടറായി നിയോഗിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹപരിശീലകനായിരുന്ന ഓസീസ് മുന്‍ താരം സൈമണ്‍ കാറ്റിച്ചിനെ മുഖ്യ പരിശീലകനായും ടീം തെരഞ്ഞെടുത്തു. ഇരുവരെയും നിയമിച്ചതിന് പിന്നാലെയാണ് ബാംഗറിനെ ക്ലബ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ബാംഗറിനെ തഴഞ്ഞപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വിക്രം റാത്തോഡിനെ ബാറ്റിംഗ് പരിശീലകനായി സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി ആറ് ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും കളിച്ചിട്ടുള്ള 50കാരനായ റാത്തോഡ‍് രാജ്യാന്തര ക്രിക്കറ്റില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായി നിരവധി തവണ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്. 2016ല്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു.