Asianet News MalayalamAsianet News Malayalam

ഐപിഎല്‍ സെപ്റ്റംബര്‍ 19ന് തുടങ്ങും, ഫൈനല്‍ നവംബര്‍ എട്ടിന്

സെപ്റ്റംബര്‍ 26ന് ഐപിഎല്‍ തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഡിസംബറില്‍ ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് മതിയായ വിശ്രമം അനുവദിക്കാനായി ടൂര്‍ണമെന്റ് ഒരാഴ്ച നേരത്തെയാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

IPL set to start on September 19, final on November 8, reports
Author
Mumbai, First Published Jul 23, 2020, 11:06 PM IST

ദുബായ്: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഫൈനല്‍ നവംബര്‍ എട്ടിനായിരിക്കും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ആഴ്ച ചേരുന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗമാവും മത്സരക്രമവും തീയതികളും സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. 51 ദിവസത്തെ ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ഉണ്ടാകുക.

സെപ്റ്റംബര്‍ 26ന് ഐപിഎല്‍ തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഡിസംബറില്‍ ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് മതിയായ വിശ്രമം അനുവദിക്കാനായി ടൂര്‍ണമെന്റ് ഒരാഴ്ച നേരത്തെയാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിന് പോവുന്ന ഇന്ത്യന്‍ ടീമിന് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നിഷ്കര്‍ഷിച്ചതിനാല്‍ ഇന്ത്യന്‍ ടീം നേരത്തെ ഓസ്ട്രേലിയയില്‍ എത്തേണ്ടിവരും.

ഈ സാഹചര്യത്തിലാണ് ഐപിഎല്‍ ഒരാഴ്ച നേരത്തെയാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 20ഓടെ യുഎഇയില്‍ എത്തുന്ന ടീമുകള്‍ക്ക് ഒരുമാസത്തെ പരിശീലനത്തിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. യുഎഇയിലേക്കുള്ള യാത്രക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ ബിസിസിഐ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ഐപിഎല്‍ ആദ്യം ഏപ്രില്‍ 15വരെ നീട്ടിവെച്ചത്. എന്നാല്‍ കൊവിഡ് ഭീതി ഒഴിയാത്തതിനെത്തുടര്‍ന്ന് പിന്നീട് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി തീരുമാനം വൈകിയതും ബിസിസിഐയുടെ തീരുമാനം നീളാന്‍ കാരണമായി. നേരത്തെ ഇന്ത്യയില്‍ തന്നെ ഒന്നോ രണ്ടോ വേദികളില്‍ മാത്രമായി ഐപിഎല്‍ നടത്തുന്ന കാര്യം ബിസിസിഐ പരിഗണിച്ചിരുന്നു.

അഹമ്മദാബാദും ധരംശാലയുമായിരുന്നു ബിസിസിഐ വേദികളായി പരിഗണിച്ചത്.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഐപിഎല്ലിന് വീണ്ടും വേദിയാവാനുള്ള അവസരം യുഎഇക്ക് ലഭിക്കുന്നത്. ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്ലിലെ ആദ്യഘട്ടത്തില്‍ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു.

Follow Us:
Download App:
  • android
  • ios