ബംഗളൂരു: വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുന്ന സമയത്ത് തന്നെ ഒരു അഭിപ്രായം ക്രിക്കറ്റ് ലോകത്തിന്റെ പല ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി വിഭജിക്കണമെന്നായിരുന്നു അത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത് ശര്‍മയെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കണമെന്നായിരുന്നു അത്.

ഒരുപാട് പിന്തുണച്ചെങ്കിലും പിന്നീട് അങ്ങനെയൊന്നും സംഭവിച്ചില്ല. ഇപ്പോള്‍ മികച്ച ക്യാപ്റ്റനാരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐപിഎല്‍ താരം കൃഷ്ണപ്പ ഗൗതം. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച താരം വരും സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനാണ് കളിക്കുക. 

ഗൗതം പറയുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ മികച്ചവന്‍ രോഹിത് ശര്‍മയാണെന്നാണ്. അതിനൊരു കാരണവും താരം പറയുന്നുണ്ട്. ഗൗതം തുടര്‍ന്നു... '' ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ മിടുക്കന്‍ രോഹിത്താണ്. അദ്ദേഹത്തിന് കീഴില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഞാന്‍ കളിച്ചിട്ടുണ്ട്. കിരീടവും നേടിയിട്ടുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു വാദം ഞാന്‍ ഉന്നയിക്കുന്നത്.'' 

എന്നാല്‍ ഐപിഎല്ലില്‍ ഇവരേക്കാളും മികച്ച ക്യാപ്റ്റന്‍ എം എസ് ധോണിയാണെന്നും ഗൗതം കൂട്ടിച്ചേര്‍ത്തു. ''ഐപിഎല്ലില്‍ രോഹിതിനേക്കാളും കോലിയേക്കാളും കേമന്‍ ധോണിയാണ്. കര്‍ണാടക താരമായതിനാല്‍ ബംഗളൂരുവിനുവേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ട്. ഡിവില്ലിയേഴ്‌സിനോടും ആന്ദ്രേ റസ്സലിനോടും ആരാധനയാണ്.'' താരം പറഞ്ഞുനിര്‍ത്തി.