ഓപ്പണറായി ടീമിലെത്തിയ ജോണി ബെയര്‍സ്റ്റോ മുംബൈ ബൗളര്‍മാരെ കടന്നാക്രമിച്ചു. 

മൊഹാലി: ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 79 റൺസ് എന്ന നിലയിലാണ്. ജോണി ബെയര്‍സ്റ്റോയും (44) രോഹിത് ശര്‍മ്മയുമാണ് (33) ക്രീസിൽ. 

മുഹമ്മദ് സിറാജാണ് ഗുജറാത്തിന് വേണ്ടി ആദ്യം പന്തെറിയാനെത്തിയത്. മികച്ച രീതിയിൽ പന്തെറിഞ്ഞ സിറാജിനെതിരെ ആദ്യ ഓവറിൽ ബൗണ്ടറി കണ്ടെത്താൻ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ-ജോണി ബെയര്‍സ്റ്റോ സഖ്യത്തിനായില്ല. 6 റൺസ് മാത്രമാണ് മുംബൈയ്ക്ക് ആദ്യ ഓവറിൽ നേടാനായത്. ടൂര്‍ണമെന്റിലെ പര്‍പ്പിൾ ക്യാപ്പ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള പ്രസിദ്ധ് കൃഷ്ണയാണ് രണ്ടാം ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്ത് തന്നെ ബൗണ്ടറി നേടി ജോണി ബെയര്‍സ്റ്റോ പ്രസിദ്ധിനെ സമ്മര്‍ദ്ദത്തിലാക്കി. അഞ്ചാം പന്തിൽ രോഹിത് ശര്‍മ്മയുടെ ക്യാച്ച് ജെറാൾഡ് കോര്‍ട്സിയ പാഴാക്കി. 12 റൺസാണ് പ്രസിദ്ധ് വിട്ടുകൊടുത്തത്. മൂന്നാം ഓവറിൽ വീണ്ടും മുഹമ്മദ് സിറാജിനെ ഗിൽ പന്തേൽപ്പിച്ചു. ആദ്യ പന്തിലും രണ്ടാം പന്തിലും ബൗണ്ടറി നേടിയാണ് രോഹിത് സിറാജിനെ വരവേറ്റത്. നാലാം പന്തിൽ വീണ്ടും രോഹിത്തിനെ പുറത്താക്കാനുള്ള അവസരം ഗുജറാത്ത് പാഴാക്കി. ഇത്തവണ കീപ്പര്‍ കുശാൽ മെന്‍ഡിസാണ് ക്യാച്ച് കൈവിട്ടുകളഞ്ഞത്. 10 റൺസ് കൂടി പിറന്നതോടെ മുംബൈ 3 ഓവര്‍ പൂര്‍ത്തിയായപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ്.

നാലാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയെ ജോണി ബെയര്‍സ്റ്റോ കടന്നാക്രമിച്ചു. മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളുമാണ് പ്രസിദ്ധിനെതിരെ ബെയര്‍സ്റ്റോ നേടിയത്. 3.5 ഓവറിൽ തന്നെ ടീം സ്കോര്‍ 50ൽ എത്തി. നാലാം ഓവറിൽ മാത്രം 26 റൺസ് മുംബൈയുടെ സ്കോറിലേയ്ക്ക് എത്തുകയും ചെയ്തു. അഞ്ചാം ഓവറിൽ സിറാജിനെതിരെയും ബെയര്‍സ്റ്റോ ആക്രമണം തുടര്‍ന്നു. മൂന്നാം പന്തിൽ ബൗണ്ടറിയെത്തി. അഞ്ചാം പന്തിൽ രോഹിത്തിന്റെ വകയും ബൗണ്ടറിയെത്തിയതോടെ മുംബൈയുടെ സ്കോര്‍ ഉയര്‍ന്നു. ആറാം ഓവറിൽ സ്പിന്നര്‍ സായ് കിഷോറിനെ നായകൻ ശുഭ്മാൻ ഗിൽ പന്തേൽപ്പിച്ചു. രണ്ട് പന്തുകളിൽ റൺസ് വഴങ്ങാതിരുന്ന സായ് കിഷോറിനെ മൂന്നാം പന്തിൽ രോഹിത് അതിര്‍ത്തി കടത്തി. നാലാം പന്തിലും അവസാന പന്തിലും ബൗണ്ടറികളുമെത്തിയതോടെ മുംബൈയുടെ സ്കോര്‍ 79ലേയ്ക്ക് ഉയര്‍ന്നു.