ഐപിഎൽ ഓറഞ്ച് ക്യാപ്പ് നേട്ടത്തിനായുള്ള മത്സരം ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, സായ് സുദർശൻ എന്നിവർക്കിടയിൽ ആവേശകരമായി തുടരുന്നു. ഇന്നത്തെ എലിമിനേറ്റർ മത്സരത്തിൽ വിജയി ആരെന്ന് കണ്ടറിയാം.
മൊഹാലി: ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഓറഞ്ച് ക്യാപ്പ് ആര് നേടുമെന്നുള്ള കാര്യത്തില്‍ ഏകദേശ ധാരണയാകും. ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങളായ സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, മുംബൈ ഇന്ത്യസിന്റെ സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇരു ടീമുകളും ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരും. 14 കളികളില്‍ 679 റണ്‍സാണ് സായ് നേടിയത്. 649 റണ്‍സുമായി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം സഥാനത്തും. 640 റണ്‍സുമായി മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവാണ് മൂന്നാമത്.
13 കളികളില്‍ 627 റണ്‍സുമായി ലക്‌നൗ താരം മിച്ചല്‍ മാര്‍ഷാണ് നാലാം സ്ഥാനത്ത്. എന്നാല്‍ ലക്‌നൗ അവസാന ലീഗ് മത്സരം പൂര്‍ത്തിയാക്കിയതിനാല്‍ ഇനി മിച്ചല്‍ മാര്‍ഷിന് മുന്നേറാന്‍ അവസരമില്ല. എലിമിനേറ്ററില്‍ തോല്‍ക്കുന്ന ടീം പുറത്താവുമെന്നിരിക്കെ ആദ്യ മൂന്നില്‍ ആരാവുമെന്നുള്ള കാര്യത്തില്‍ ഇന്നുതന്നെ ധാരണയാവും. 14 കളികളില്‍ 614 റണ്‍സ് നേടിയ ആര്‍സിബിയുടെ വിരാട് കോലിയാണ് അഞ്ചാമത്. ഇന്നലെ ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 12 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഇനി ഫൈനലില്‍ വലിയ സ്‌കോര്‍ നേടാല്‍ മാത്രമെ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ കോലിക്ക് വെല്ലുവിളി ഉയര്‍ത്താനാവൂ. മാത്രമല്ല, ഇന്ന് സായ് - ഗില്‍ - സൂര്യ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും.
559 റണ്‍സുമായി ആറാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാളിനും 539 റണ്‍സുമായി ഏഴാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ എല്‍ രാഹുലിനും ഇനി മുന്നേറാനാവില്ല. 538 റണ്‍സുമായി എട്ടാമതുള്ള ഗുജറാത്ത് താരം ജോസ് ബട്ലര്‍ എലിമിനേറ്ററില്‍ കളിക്കില്ലെന്നതിനാല്‍ റണ്‍വേട്ടയില്‍ മുന്നിലെത്താന്‍ ഇനി അവസരമുണ്ടാകില്ല.
524 റണ്‍സുമായി ഒമ്പതാം സ്ഥാനത്തുള്ള നിക്കോളാസ് പുരാനും ഇനി മുന്നേറാന്‍ അവസരമില്ല. 517 റണ്‍സുമായി പത്താമതുള്ള പ്രഭ്‌സിമ്രാന്‍ സിംഗിനും 516 റണ്‍സോടെ 11-ാം സ്ഥാനത്തുള്ള ശ്രേയസ് അയ്യര്‍ക്കും ഇനി ഒരു മത്സരം ബാക്കിയുണ്ട്. എന്നാല്‍ 600ന് അപ്പുറത്തേക്ക് കടക്കുകയെന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.



