ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരും കടുക്കും. 24 വിക്കറ്റുമായി നൂര്‍ അഹമ്മദ് ഒന്നാമതുള്ളപ്പോള്‍ 23 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണ രണ്ടാമതുണ്ട്.
മുംബൈ: ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള പോര് കൂടിയാണ്. നിലവില്‍ 24 വിക്കറ്റുമായി സിഎസ്‌കെ സ്പിന്നര്‍ നൂര്‍ അഹമ്മദാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പ്ലേ ഓഫില്‍ ഇടമില്ലാത്തതിനാല്‍ അദ്ദേഹത്തിന് ഒന്നാം സ്ഥാനം നഷ്ടമപ്പെടാന്‍ സാധ്യതയുണ്ട്. 14 മത്സരങ്ങളില്‍ 23 വിക്കറ്റെടുത്ത ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണയാണ് രണ്ടാം സ്ഥാനത്ത്. ഇന്ന് മുംബൈക്കെതിരെ രണ്ട് വിക്കറ്റ് കൂടി വീഴ്ത്താന്‍ സാധിച്ചാല്‍ പ്രസിദ്ധിന് ഒന്നാമതെത്താന്‍ സാധിക്കും. ഇനി ഇന്ന് വിക്കറ്റെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രസിദ്ധ് രണ്ടാമത് തന്നെ നില്‍ക്കും. ഗുജറാത്ത് പുറത്താവുക കൂടി ചെയ്താല്‍ പ്രസിദ്ധിന് പര്‍പ്പിള്‍ ക്യാപ്പ് മറക്കാം. ജയിച്ചാല്‍ പ്രസിദ്ധിന് കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കും.
പ്രസിദ്ധിനും നൂര്‍ അഹമ്മദിനും വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന മറ്റൊരു താരം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ജോഷ് ഹേസല്‍വുഡാണ്. 11 മത്സരങ്ങളില്‍ 21 വിക്കറ്റാണ് ഹേസല്‍വുഡിന്റെ സമ്പാദ്യം. മൂന്ന് മത്സരം കുറച്ചാണ് ജോഷ് കളിച്ചത്. ഇനിയും ഒരു മത്സരം താരത്തിന് ബാക്കിയുണ്ട്. ഇരുവരേയും മറികടക്കുന്ന പ്രകടനം താരത്തില്‍ നിന്നുണ്ടാവുമോയെന്ന് കാത്തിരുന്ന് കാണാം.
19 വിക്കറ്റുള്ള മുംബൈ ഇന്ത്യന്‍സിന്റെ ട്രെന്‍ഡ് ബോള്‍ട്ടും, 18 പേരെ പുറത്താക്കിയ പഞ്ചാബിന്റെ അര്‍ഷ്ദീപ് സിംഗുമാണ് വിക്കറ്റ് വേട്ടയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. 17 വിക്കറ്റ് വീതം വീഴ്ത്തിയ വൈഭവ് അറോറ, ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, സായ് കിഷോര്‍ എന്നിവര്‍ ആറ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളിലുണ്ട്. പാറ്റ് കമ്മിന്‍സ് (16) പത്താം സ്ഥാനത്താണ്.
മുല്ലാന്‍പൂര്‍, മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഇന്ന് തോല്‍ക്കുന്നവര്‍ക്ക് മോഹഭാരത്തോടെ മടങ്ങാം. ജയിക്കുന്നവര്‍ക്ക് ഫൈനല്‍ ലക്ഷ്യമിട്ട് ഞായറാഴ്ച രണ്ടാം ക്വാളിഫയറില്‍ പഞ്ചാബിനെ നേരിടാം. പോയന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാരാണ് ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും. സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ശുഭ്മാന്‍ ഗില്ലിന്റെ ടൈറ്റന്‍സിനൊപ്പമായിരുന്നു.



