ടീമിനെ ഒറ്റക്കെട്ടായി നയിക്കുന്ന കോലി ബാറ്റിംഗിലും ഉഗ്രൻ ഫോമിൽ. ആദ്യ മൂന്ന് കളിയിൽ പതിനെട്ട് റൺസ് മാത്രമേ നേടാനായുള്ള എങ്കിലും 11 കളി പിന്നിട്ടപ്പോൾ കോലിയുടെ പേരിനൊപ്പം മൂന്ന്  അർധസെഞ്ച്വറികളോടെ 415 റൺസായി.

ദുബായ്: ഐപിഎല്ലില്‍ ആരാധകരെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ സീസണിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേത്. മുന്നിൽ നിന്ന് നയിക്കുന്ന ക്യാപ്റ്റൻ വിരാട് കോലി തന്നെയാണ് ബാംഗ്ലൂരിന്റെ കരുത്ത്. വമ്പൻ താരങ്ങൾ ഏറെയുണ്ടെങ്കിലും പേരിനൊത്ത പ്രകടനം പുറത്തെടുക്കാത്ത താരങ്ങളുടെ ടീം എന്നായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇതുവരെ നേരിട്ട പ്രധാന വിമർശനം.

എന്നാല്‍ ഐ പി എൽ പതിമൂന്നാം സീസണിലേക്ക് എത്തിയപ്പോൾ വിമ‍ർശനെങ്ങളെയെല്ലാം ബൗണ്ടറി കടത്തിയിരിക്കുകയാണ് വിരാട് കോലിയും സംഘവും. പതിനൊന്ന് കളിയിൽ ഏഴിലും ജയിച്ച് പ്ലേ ഓഫിന് അരികിലാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ടീമിനെ ഒറ്റക്കെട്ടായി നയിക്കുന്ന കോലി ബാറ്റിംഗിലും ഉഗ്രൻ ഫോമിൽ. ആദ്യ മൂന്ന് കളിയിൽ പതിനെട്ട് റൺസ് മാത്രമേ നേടാനായുള്ളുവെങ്കിലും 11 കളി പിന്നിട്ടപ്പോൾ കോലിയുടെ പേരിനൊപ്പം മൂന്ന് അർധസെഞ്ച്വറികളോടെ 415 റൺസായി. റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ നാലിലുമുണ്ട് ബാംഗ്ലൂർ നായകൻ.

ഐപിഎല്ലില്‍ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും കോലിയെ അനുഗമിക്കുന്നുണ്ട്. മറ്റ് പലതാരങ്ങളും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കുടുംബത്തെ കൂടെ കൂട്ടാതിരുന്നപ്പോള്‍ ഐപിഎല്ലിന്‍റെ തുടക്കം മുതല്‍ കോലിയും അനുഷ്കയും ഒരുമിച്ചാണ്. ഗര്‍ഭിണിയായ അനുഷ്കയോട് പ്രത്യേക കരുതലാണ് കോലിക്ക്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിന് തൊട്ടു മുമ്പും അനുഷ്കയോടുള്ള കോലിയുടെ കരുതല്‍ ആരാധകര്‍ നേരിട്ട് കണ്ടു.

ഡ്രസ്സിംഗ് റൂമിന് പുറത്ത് നില്‍ക്കുകയായിരുന്ന അനുഷ്കയോട് മത്സരത്തിന് മുമ്പ് ടീം ഹഡിലിനിടെ ഭക്ഷണം കഴിച്ചോ എന്ന് കോലി കൈകൊണ്ട് ആംഗ്യം കാട്ടി ചോദിക്കുന്ന വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തത്. കോലിയുടെ ചോദ്യത്തിന് അനുഷ്ക മറുപടി നല്‍കുന്നതും കാണാമായിരുന്നു.

View post on Instagram