Asianet News MalayalamAsianet News Malayalam

രാജസ്ഥാന്‍ റോയല്‍സിന്‍റെ നായക സ്ഥാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു സാംസണ്‍

 സത്യസന്ധമായി പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷാവസാനം വരെ രാജസ്ഥാന്‍റെ നായകനാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഞങ്ങളുടെ ടീം ഉടമ മനോദ് ബദാലെ ആണ് എന്നോട് പറഞ്ഞത്, താങ്കള്‍ ടീമിനെ നയിക്കണമെന്ന്.

IPL2021 I never felt that I will Captain Rajasthan Royals says Sanju Samson
Author
Mumbai, First Published Apr 3, 2021, 7:56 PM IST

ജയ്പ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ മനസിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും പുതിയ സീസണില്‍ രാജസ്ഥാനെ നയിക്കുമ്പോള്‍ കാര്യങ്ങളെല്ലാം ലളിതമായി ചെയ്യാനാണ് ശ്രമിക്കുകയെന്നും സഞ്ജു പറഞ്ഞു.

റോയല്‍സ് നായകനായി പുതിയ സീസണ് ഇറങ്ങുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ എന്‍റെ മനസിലൂടെ കടന്നുപോവുന്നുണ്ട്. പക്ഷെ കാര്യങ്ങളെല്ലാം വളരെ ലളിതമായി ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാജസ്ഥാന്‍റെ നായകപദവി ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷാവസാനം വരെ രാജസ്ഥാന്‍റെ നായകനാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഞങ്ങളുടെ ടീം ഉടമ മനോദ് ബദാലെ ആണ് എന്നോട് പറഞ്ഞത്, താങ്കള്‍ ടീമിനെ നയിക്കണമെന്ന്.

രാജസ്ഥാന്‍ ടീമിന്‍റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി നിയമിതനായ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്നും  സഞ്ജു പറഞ്ഞു. സംഗയെക്കുറിച്ചുള്ള എന്‍റെ ആദ്യ ഓര്‍മ, തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ കവര്‍ ഡ്രൈവ് തന്നെയാണ്. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് എനിക്കേറെ ഇഷ്ടമാണ്.  അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തിനൊപ്പം ഇത്രയും അടുത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നു എന്നത് തന്നെ എന്നെ ആവേശത്തിലാഴ്ത്തുന്നുണ്ട്.

രാഹുല്‍ ദ്രാവിഡ്, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിംഗ്, മഹേള ജയവര്‍ധനെ തുടങ്ങിയവരെല്ലാം അവരുടെ കാലത്ത് ഇതിഹാസതാരങ്ങളായിരുന്നു. അതുകൊണ്ടുതന്നെ സംഗയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സ‍ഞ്ജു പറഞ്ഞു. എം എസ് ധോണിയെപ്പോലെ ശാന്തനാണെങ്കിലും താന്‍ ക്യാപ്റ്റന്‍ കൂള്‍ രണ്ടാമനല്ലെന്നും സഞ്ജു വ്യക്തമാക്കി. ധോണിയെപ്പോലെ ആവാന്‍ മറ്റാര്‍ക്കുമാവില്ല. സഞ്ജു സാംസണായിരിക്കാനാണ് ശ്രമിക്കുന്നതെന്നും സ‍ഞ്ജു പറഞ്ഞു.

2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായ സഞ്ജു കഴിഞ്ഞ സീസണില്‍ ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 375 റണ്‍സാണ് സഞ്ജു നേടിയത്. ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ കഴിയുന്ന സഞ്ജുവിന് ഐപിഎല്ലില്‍ 158.89 പ്രഹരശേഷിയുണ്ട്.

Follow Us:
Download App:
  • android
  • ios