ദുബായ്: അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള യോഗ്യത മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനും അയര്‍ലന്‍ഡിനും ജയം. കെനിയക്കെതിരെ 30 റണ്‍സിന്റെ ജയമാണ് നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കിയത്. അയര്‍ലന്‍ഡ് എട്ട് വിക്കറ്റിന് ഹോങ് കോങ്ങിനെ തോല്‍പ്പിച്ചു. നേരത്തെ സിംഗപ്പൂര്‍ രണ്ട് റണ്‍സിന് സ്‌കോട്ട്‌ലന്‍ഡിനെ അട്ടിമറിച്ചിരുന്നു. 

അയര്‍ലന്‍ഡിനെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഹോങ് കോങ്  നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡ് 17.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ആന്‍ഡി ബാല്‍ബിര്‍നി (70), പോള്‍ സ്റ്റിര്‍ലിങ് (62) എന്നിവരാണ് അയര്‍ലന്‍ഡിന്റെ ജയം എളുപ്പമാക്കിയത്. നേരത്തെ കിന്‍ചിറ്റ് ഷായുടെ (79) പ്രകടനമാണ് ഹോങ് കോങ്ങിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 

കെനിയക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മാക്‌സ് ഒ ഡൗഡ് (53) അര്‍ധ സെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങില്‍ കെനിയക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.