ഓള്‍റൗണ്ടര്‍ ഫിയോന്‍ ഹാന്‍ഡിനെ ടീമിലേക്ക് മടക്കിവിളിച്ചതും പരിക്ക് മാറി ഗാരെത് ഡെലാനി മടങ്ങിയെത്തുന്നതും ശ്രദ്ധേയം

ഡ‍ബ്ലിന്‍: ടീം ഇന്ത്യക്കെതിരായ മൂന്ന് ട്വന്‍റി 20 മത്സരങ്ങള്‍ക്കുള്ള 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്. സൂപ്പര്‍ താരം പോള്‍ സ്റ്റിര്‍ലിംഗ് ആണ് നായകന്‍. അയര്‍ലന്‍ഡില്‍ വച്ച് ഓഗസ്റ്റ് 18 മുതല്‍ 23 വരെയാണ് മത്സരങ്ങള്‍. പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. 

2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ കളിച്ച അയര്‍ലന്‍ഡ് ടീമിലെ മിക്ക താരങ്ങളും ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ സ്ഥാനം നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍ ഫിയോന്‍ ഹാന്‍ഡിനെ ടീമിലേക്ക് മടക്കിവിളിച്ചതും പരിക്ക് മാറി ഗാരെത് ഡെലാനി മടങ്ങിയെത്തുന്നതും ശ്രദ്ധേയം. സിംബാബ്‌വെയില്‍ വച്ച് ജൂണ്‍ മാസത്തിലാണ് ഡെലാനിക്ക് പരിക്കേറ്റത്. ട്വന്‍റി 20 ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ശേഷം അയര്‍ലന്‍ഡ് ടീമിന്‍റെ ആദ്യ ടി20 പരമ്പരയാണ് ഇന്ത്യക്കെതിരെ വരാനിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അയര്‍ലന്‍ഡിന്‍റെ ആദ്യ പരമ്പരയാണ് ഇന്ത്യക്കെതിരെ നടക്കുക. അതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച സ്‌ക്വാഡിലുള്ള 15 താരങ്ങള്‍ക്കും ഇന്ത്യക്കെതിരെയും വരാനിരിക്കുന്ന പരമ്പരകളിലും അവസരം ലഭിക്കും എന്നാണ് അയര്‍ലന്‍ഡ് ക്രിക്കറ്റ് നല്‍കുന്ന സൂചന. 

അയര്‍ലന്‍ഡ് ടീം: പോള്‍ സ്റ്റിര്‍ലിംഗ്(ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബല്‍ബിര്‍ണീ, മാര്‍ക്ക് അഡൈര്‍, റോസ് അഡൈര്‍, കര്‍ട്ടിസ് കാംഫെര്‍, ഗാരെത് ഡെലാനി, ജോര്‍ജ് ഡോക്‌റെല്‍, ഫിയോന്‍ ഹാന്‍ഡ്, ജോഷ് ലിറ്റില്‍, ബാരി മക്കാര്‍ത്തി, ഹാരി ടെക്‌ടര്‍, ലോറന്‍ ടക്കെര്‍, തിയോ വാന്‍ വോര്‍കോം, ബെന്‍ വൈറ്റ്, ക്രൈഗ് യങ്. 

ഇന്ത്യന്‍ ടീം: ജസ്പ്രീത് ബുമ്ര(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ്മ, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്‌ണ, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍. 

Read more: അയര്‍ലന്‍ഡ് പര്യടനം: ടീം ഇന്ത്യയെ ജസ്പ്രിത് ബുമ്ര നയിക്കും! സഞ്ജു പ്രധാന വിക്കറ്റ് കീപ്പര്‍; ടീം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം