നിലവിലെ ടി20 ലോക ചാമ്പ്യന്മാരായ ഇന്ത്യ, അയർലൻഡിനോട് പരമ്പര കൈവിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് ഗംഭീറിനെതിരെ ഉയരുന്നത്.
ബെല്‍ഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരെ കടുത്ത വിമർശനവുമായി മുൻ കളിക്കാരും ക്രിക്കറ്റ് ലോകവും. പരമ്പരയിൽ വ്യക്തമായ മുൻതൂക്കത്തോടെ ഇറങ്ങിയ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുത്തി അയർലൻഡ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയതും, ടീം സെലക്ഷനിൽ ഗംഭീർ വരുത്തിയ പിഴവുകളുമാണ് ഇപ്പോൾ വിമർശകർക്ക് പ്രധാന ആയുധമായിരിക്കുന്നത്.
നിലവിലെ ടി20 ലോക ചാമ്പ്യന്മാരായ ഇന്ത്യ, അയർലൻഡിനോട് പരമ്പര കൈവിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് ഗംഭീറിനെതിരെ ഉയരുന്നത്. ഇതിനിടെ ഗംഭീറിനെ പരസ്യമായി പരിഹസിച്ച് ഐസ്‌ലൻഡ് ക്രിക്കറ്റ് രംഗത്തെത്തി. തങ്ങളുടെ കോച്ചിങ് സ്റ്റാഫിലേക്ക് ഗംഭീറിനെ സ്വപ്നത്തിൽ പോലും ആവശ്യമില്ലെന്നാണ് അവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. ഗൗതം ഗംഭീറിനെ ഞങ്ങളുടെ കോച്ചിങ് സ്റ്റാഫിലേക്ക് ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് ഞങ്ങൾ വ്യക്തമാക്കുന്നു. എങ്കിലും അദ്ദേഹത്തിന് ചില പ്രത്യേക കഴിവുകളുണ്ട്. ഇത്തരം മികച്ച ഇന്ത്യൻ കളിക്കാരെ വെച്ചുകൊണ്ട് അയർലൻഡിൽ പോയി ഇങ്ങനെയൊരു ഫലം ഉണ്ടാക്കിയെടുക്കാൻ ശരിക്കും അസാധാരണമായ കഴിവ് തന്നെ വേണമെന്നായിരുന്നു ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്‍റെ ട്വീറ്റ്.
ഗംഭീറിന്‍റെ 'ഓൾറൗണ്ടർ' നയത്തിനെതിരെ മഞ്ജരേക്കർ
ടീം തിരഞ്ഞെടുപ്പിലെ തന്ത്രപരമായ പിഴവുകളെ ചൂണ്ടിക്കാണിച്ചാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറും രംഗത്തെത്തി. ടീമിൽ ഒന്നിന് പുറകെ ഒന്നായി പാർട്ട് ടൈം ഓൾറൗണ്ടർമാരെ തിരുകിക്കയറ്റുന്ന ഗംഭീറിന്‍റെ ശൈലിയെ മഞ്ജരേക്കര്‍ രൂക്ഷമായി വിമർശിച്ചു. മുമ്പ് ഓൾറൗണ്ടർമാർ വളരെ കുറവായിരുന്നു. എന്നാൽ ഇപ്പോൾ ഗംഭീറിന് കീഴിൽ അത് പരിധി വിട്ടിരിക്കുന്നു. ഇന്ത്യക്ക് ഇപ്പോൾ ആവശ്യം ഒരു 'പ്യുവർ മിഡിൽ ഓർഡർ' ബാറ്ററെയാണ്. അത് എത്രയും വേഗം വേണമെന്നും മഞ്ജരേക്കർ കുറിച്ചു.
വിദേശ പിച്ചുകളിൽ പന്തുകൾ ചലിക്കുമ്പോൾ ഇന്ത്യൻ ബാറ്റർമാർ പതറുന്നത് പതിവാണെന്നും, ഇത്തരം സാഹചര്യങ്ങളിൽ ക്രീസിൽ നിലയുറപ്പിച്ചു കളിക്കാൻ ശുഭ്മൻ ഗില്ലിനെപ്പോലെയുള്ള സാങ്കേതിക തികവുള്ള കളിക്കാരെ ടി20 ഫോർമാറ്റിലേക്ക് പതുക്കെ മടക്കിക്കൊണ്ടുവരണമെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു. അയർലൻഡ് പര്യടനത്തിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ, ജൂലൈ 1-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ഇംഗ്ലണ്ടിലും പരാജയം തുടർന്നാൽ ഗംഭീറിന് മേലുള്ള സമ്മർദ്ദം ഇരട്ടിയാകും.
