മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് മാത്രമുള്ളപ്പോള്‍ യശസ്വീ ജെയ്‌സ്വാള്‍ (18), തിലക് വര്‍മ (1) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. നാലാമനായി ക്രീസിലെത്തിയ സഞ്ജു ഇന്ത്യയെ ക്ഷീണമറിയിച്ചില്ല.

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ഡബ്ലിനില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് ഇന്ത്യ നേടിയത്. 43 പന്തില്‍ 58 റണ്‍സ് നേടിയ റുതുരാജ് ഗെയ്കവാദാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 40 റണ്‍സെടുത്ത സഞ്ജു സാംസണ്‍ നിര്‍ണായക സംഭാവന നല്‍കി. 21 പന്തില്‍ 38 റണ്‍സുമായി റിങ്കു സിംഗ് ബാറ്റിംഗ് അരങ്ങേറ്റം ഗംഭീരമാക്കി. ബാരി മക്കാര്‍ത്തി അയര്‍ലന്‍ഡിനായി രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നില്‍. ആദ്യ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ രണ്ട് റണ്‍സിന് ജയിച്ചിരുന്നു. 

ഇന്ന് മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് മാത്രമുള്ളപ്പോള്‍ യശസ്വീ ജെയ്‌സ്വാള്‍ (18), തിലക് വര്‍മ (1) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. നാലാമനായി ക്രീസിലെത്തിയ സഞ്ജു ഇന്ത്യയെ ക്ഷീണമറിയിച്ചില്ല. റുതുരാജിനൊപ്പം 71 റണ്‍സാണ് സഞ്ജു കൂട്ടിചേര്‍ത്തത്. ജോഷ്വാ ലിറ്റിലിന്റെ ഒരോവറില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഞ്ജു നേടി. എന്നാല്‍ ബെഞ്ചമിന്‍ വൈറ്റിന്റെ പന്തില്‍ താരം പുറത്തായി. ഇന്‍സൈഡ് എഡ്ജായ പന്ത് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. 

അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ റുതുരാജും മടങ്ങി. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പടുന്നതായിരുന്നു റുതുരാജിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ ശിവം ദുബെയും (22) റിങ്കുവും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 180 കടന്നു. 21 പന്തുകള്‍ നേരിട്ട റിങ്കു മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. ദുബെയുടെ ഇന്നിംഗ്‌സില്‍ രണ്ട് വീതം സിക്‌സും ഫോറുമുണ്ടായിരുന്നു. റിങ്കുവിനെ മാര്‍ക്ക് അഡെയ്ര്‍ മടക്കി. വാഷിംഗ്ടണ്‍ സുന്ദര്‍ (0) ദുബെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.

ടോസ് നേടിയ അയര്‍ലന്‍ഡ് ബൗളിംഗ് ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍ലിംഗ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച പിച്ച് ആണ് ഒരുങ്ങിയിട്ടുള്ളതെന്ന് സ്റ്റെര്‍ലിംഗ് പറഞ്ഞു. ഇരു ടീമുകളും ആദ്യ ടി20 മത്സരത്തിലെ ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്തിയിട്ടില്ല. ആദ്യ കളി മഴയെടുത്തെങ്കിലും രണ്ട് റണ്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ രണ്ടാം അങ്കത്തിന് ഇറങ്ങിയത്.

തകര്‍ച്ചയില്‍ ഇന്ത്യയുടെ രക്ഷകനായി സഞ്ജു സാംസണ്‍! ഇങ്ങനെയാണ് സഞ്ജുവിനെ ഉപയോഗിക്കേണ്ടതെന്ന് സോഷ്യല്‍ മീഡിയ