ഇറ്റാലിയന്‍ നിരയില്‍ 30നപ്പുറമുള്ള സ്‌കോര്‍ ആര്‍ക്കും നേടാനായില്ല. 26 റണ്‍സ് വീതം നേടിയ ഗരെത് ബെര്‍ഗ്, ജിയാന്‍ പിയറോ മേഡ് എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍.
എഡിന്‍ബര്‍ഗ്: ടി20 ലോകകപ്പ് യൂറോപ്യന്‍ മേഖലാ യോഗ്യത റൗണ്ടില്‍ അയര്‍ലന്‍ഡ് അട്ടിമറിയില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്. ഇറ്റലിയാണ് ടെസ്റ്റ് പദവിയുള്ള അയര്‍ലന്‍ഡിനെതിരെ വിജയത്തിനടുത്ത് വരെ എത്തിയത്. ഏഴ് റണ്‍സിനായിരുന്നു അയര്‍ലന്‍ഡിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. 61 റണ്‍സ് നേടിയ ക്വേര്‍ടിസ് കാംഫറാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില് ഇറ്റലിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെുക്കാനാണ് സാധിച്ചത്. മാര്‍ക് അഡെയ്ര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇറ്റാലിയന്‍ നിരയില്‍ 30നപ്പുറമുള്ള സ്‌കോര്‍ ആര്‍ക്കും നേടാനായില്ല. 26 റണ്‍സ് വീതം നേടിയ ഗരെത് ബെര്‍ഗ്, ജിയാന്‍ പിയറോ മേഡ് എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. ആറ് റണ്‍സ് നേടുന്നതിനിടെ ഓപ്പണര്‍മാരായ ജസ്റ്റിന്‍ മോസ്‌ക, ബെഞ്ചമിന്‍ മനേട്ടി എന്നിവരുടെ വിക്കറ്റുകള്‍ ഇറ്റലിക്ക് നഷ്ടമായി. പിന്നീട് മാര്‍കസ് കാംപോപിയാനോ (16), അന്തോണി മോസ്‌ക (19), ഹാരി മനേട്ടി (17), ജസ്പ്രീത് സിംഗ് (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഇവരില്‍ ഒരാള്‍ പിടിച്ചുനിന്നിരുന്നെങ്കില്‍ കളി മാറിയേനെ. 12.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 94 എന്ന നിലയിലായിരുന്നു അവര്‍. പിന്നീട് ജിയാന്‍ പിയറോ - ഗരേത് സഖ്യത്തിന്റെ ഇന്നിംഗ്‌സാണ് വിജയപ്രതീക്ഷ നല്‍കിയത്. ഇരുവരും പുറത്തായതോടെ പ്രതീക്ഷ അസ്തമിച്ചു. സയ്യിദ് നഖ്‌വിയാണ് പുറത്തായ മറ്റൊരു താരം. ക്രിഷന്‍ കലുഗമാഗെ (6), സ്റ്റെഫാനോ ഡി ബര്‍തളോമ്യൂ (2) എന്നിവര്‍ പുറത്താവാതെ നിന്നു. അഡെയ്‌റിന് പുറമെ ജോഷ്വ ലിറ്റില്‍, ബെന്‍ വൈറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, കാംഫറിനെ പുറമെ ഹാരി ടെക്റ്റര്‍ (31 പന്തില്‍ 41) മാത്രമാണ് അയര്‍ലന്‍ഡ് നിരയില്‍ പിടിച്ചുനിന്നത്. ഒരുഘട്ടത്തില്‍ മൂന്നിന് 46 എന്ന നിലയിലായിരുന്നു അയര്‍ലന്‍ഡ്. പോള്‍ സ്റ്റിര്‍ലിംഗ് (2), ആന്‍ഡി ബാല്‍ബിര്‍നി (26), ലോര്‍കന്‍ ടക്കര്‍ (8) എന്നിവരാണ് പുറത്തായത്. പിന്നാലെ കാംഫര്‍ - ഹാരി സഖ്യം 76 റണ്‍സ് കൂട്ടിചേര്‍ത്തു. 39 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കാംഫറിന്റെ ഇന്നിംഗ്‌സ്. ടെക്റ്റര്‍ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. പിന്നീടെത്തിയവരില്‍ ജോര്‍ജ് ഡോക്‌റെല്‍ മാത്രമാണ് (12) രണ്ടക്കം കണ്ടത്. നീല്‍ റോക്ക് (0), ബാരി മക്കാര്‍ത്തി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ്വ ലിറ്റില്‍ (1), അഡെയര്‍ (2) പുറത്താവാതെ നിന്നു.
