ബറോഡ: 2008ലെ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ തന്റെ രണ്ട് പിഴവുകളാണ് മത്സരഫലം മാറ്റി മറിച്ചതെന്ന് മുന്‍ വിന്‍ഡീസ് അമ്പയര്‍ സ്റ്റീവ് ബക്നറുടെ തുറന്നുപറച്ചിലിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ രംഗത്ത്. സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം ആൻഡ്രൂ സൈമണ്ട്സിന്റെ ബാറ്റില്‍ തട്ടിയ പന്തില്‍ ക്യാച്ച് എടുത്തിട്ടും ഔട്ട് വിധിക്കാത്തതും ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ ബാറ്റില്‍ തട്ടാത്ത പന്തില്‍ ഔട്ട് വിധിച്ചതുമാണ് മത്സരഫലം മാറ്റിമറിച്ചതെന്ന് അടുത്തിടെയാണ് ബക്‌നർ വെളിപ്പെടുത്തിയത്. ഇതിനെതിരെയാണ് സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ പത്താന്‍ ആഞ്ഞടിച്ചത്.

തെറ്റ് പറ്റിയെന്ന് നിങ്ങള്‍ ഇനി അംഗീകരിച്ചിട്ടൊന്നും കാര്യമില്ല. ചെയ്തത് ചെയ്തതാണ്.ഞങ്ങള്‍ക്ക് നഷ്ടമായത് ഒരു ടെസ്റ്റ് മത്സരമാണ്. ഓസ്ട്രേലിയയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത് ഞാനോര്‍ക്കുന്നു. അഡ്‌ലെയ്ഡിലെ ടെസ്റ്റിലായിരുന്നു അത്. ആ ടെസ്റ്റ് നമ്മള്‍ ജയിച്ചു. 22 വര്‍ഷത്തിനുശേഷമായിരുന്നു നമ്മള്‍ ഓസ്ട്രേലിയയില്‍ ജയിക്കുന്നത്. അതുകൊണ്ടുതന്നെ അമ്പയര്‍മാര്‍ ഇപ്പോള്‍ എന്തൊക്കെ തുറന്നുപറഞ്ഞാലും അമ്പയറിംഗ് പിഴവുകള്‍ കൊണ്ടു മാത്രം തോറ്റ ഒരു ടെസ്റ്റ് ഫലത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല.ക്രിക്കറ്റ് താരമെന്ന നിലക്ക് ബൗളിംഗിലും ബാറ്റിംഗലുമെല്ലാം നമ്മള്‍ തെറ്റായ തിരുമാനങ്ങളുടെ ഇരയാകേണ്ടിവരും. ആ സമയം നമ്മളെ അത് അസ്വസ്ഥമാക്കും. പക്ഷെ അത്  കഴിഞ്ഞാല്‍ നമ്മളത് മറക്കും. പക്ഷെ അന്ന് സിഡ്നി ടെസ്റ്റില്‍ നടന്നത്, ഒരു പിഴവൊന്നുമല്ല. അമ്പയര്‍മാരുടെ ഭാഗത്തുനിന്ന് ഏഴോളം പിഴവുകളുണ്ടായിരുന്നു. അതാണ് ആ കളി നമ്മള്‍ തോല്‍ക്കാന്‍ കാരണമായത്. ഉദാഹരണമായി ആന്‍ഡ്ര്യു സൈമണ്ട്സ് ഔട്ടായിട്ടും ഔട്ട് വിധിക്കാതിരുന്ന അമ്പയര്‍മാരുടെ തീരുമാനം. സെഞ്ചുറി നേടിയ സൈമണ്ട്സ് ഓസീസിന്റെ രക്ഷകനായി. ആ ഔട്ട് മാത്രം വിളിച്ചിരുന്നെങ്കില്‍ പോലും നമ്മള്‍ കളി ജയിച്ചേനെ.

കാരണം 122 റണ്‍സിനായിരുന്നു നമ്മള്‍ ടെസ്റ്റ് തോറ്റത്. ആ തോല്‍വി കൂടുതല്‍ വേദനിപ്പിക്കുന്നത് നമ്മള്‍ ജയിക്കാവുന്ന നിലയിലായിരുന്നു എന്നതുകൊണ്ട് കൂടിയാണ്. ആ പരമ്പര ഓസീസ് 2-1ന് സ്വന്തമാക്കി. പക്ഷെ ആ ടെസ്റ്റ് ജയിച്ചിരുന്നെങ്കില്‍ പരമ്പര സമനിലയാക്കാന്‍ നമുക്ക് കഴിയുമായിരുന്നു. ശരിയാണ് ഇതൊക്കം സംഭവിക്കുമെന്ന് പറഞ്ഞ് മറന്നു കളയാന്‍ പറ്റുന്നതായിരുന്നില്ല ആ പിഴവുകള്‍. കാരണം ഏഴോളം പിഴവുകളാണ് താങ്കള്‍ വരുത്തിയത്. എന്നിട്ടിപ്പോ താങ്ള്‍ ഞങ്ങളെ കളിയാക്കുകയാണോ-പത്താന്‍ ചോദിച്ചു. ബക്നറുടെ തീരുമാനങ്ങള്‍ പലതും അവിശ്വസനീയും ദഹിക്കാന്‍ പാടുമാണെന്നും പത്താന്‍ പറഞ്ഞു.

‘മങ്കിഗേറ്റ്’ വിവാദത്തിന്റെ പേരിൽ കുപ്രസിദ്ധമായ ടെസ്റ്റാണ് 2008ലെ  സിഡ്നി ടെസ്റ്റ്. മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ പിന്നീട് തോൽവി വഴങ്ങുകയായിരുന്നു. ഹർഭജൻ സിംഗ് ഓസീസ് താരം ആൻഡ്രൂ സൈമണ്ട്സിനെ ‘കുരങ്ങൻ’ എന്ന് വിളിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ വിവാദത്തിൽ മുങ്ങിയ ടെസ്റ്റ് മത്സരത്തില്‍ സ്റ്റീവ് ബക്‌നറും മാർക് ബെൻസനുമായിരുന്നു ഓൺ–ഫീൽഡ് അംപയർമാർ.സിഡ്നി ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 135/6 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇഷാന്ത് ശര്‍മയുടെ പന്തില്‍ ആന്‍ഡ്ര്യു സൈമണ്ട്സ് ക്യാച്ച് നല്‍കിയിയെങ്കിലും ബക്നര്‍ അനുവദിച്ചില്ല. ഇന്‍സൈഡ് എഡ്ജ് ചെയ്തുവെന്ന് വ്യക്തമായ പന്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പരമാവധി അപ്പീല്‍ ചെയ്തിട്ടും ബക്നര്‍ വഴങ്ങിയില്ല. 30 റണ്‍സായിരുന്നു അപ്പോള്‍ സൈമണ്ട്സിന്റെ വ്യക്തിഗത സ്കോര്‍. മത്സരത്തില്‍ പിന്നീട്160 റണ്‍സടിച്ച സൈമണ്ട്സ് ഓസീസിനെ 463 റണ്‍സിലെത്തിച്ചു. സച്ചിന്റെയും ലക്ഷ്മണിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ 69 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.

അഞ്ചാം ദിനം 72 ഓവറില്‍ 333 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യക്ക് മുന്നില്‍വെച്ചത്. ദ്രാവിഡും ഗാംഗുലിയും തമ്മില്‍ ഇന്ത്യക്കായി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെ സൈമണ്ട്സിന്റെ പന്തില്‍ ദ്രാവിഡിനെ ഔട്ട് വിളിച്ചതായിരുന്നു. 38 റണ്‍സെടുത്ത ദ്രാവിഡിന്റെ ബാറ്റില്‍ തട്ടാത്ത പന്തിലായിരുന്നു ബക്നര്‍ ഔട്ട് വിളിച്ചത്. റീപ്ലേകളില്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇതോടെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യ മത്സരം കൈവിടുകയും ചെയ്തു.