ബറോഡ: ബിഹാറിലെ പ്രളയബാധിതകര്‍ക്ക് സഹായഹസ്തം നീട്ടി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. ബിഹാറിലെ പ്രളയബാധിതര്‍ക്ക് 60 പായ്ക്കറ്റ് ഭക്ഷ്യ ധാന്യങ്ങളാണ് പത്താന്‍ വിതരണം ചെയ്തതത്. കടല, പയര്‍, അരി, എണ്ണ, ഡെറ്റോള്‍ എന്നിവയടങ്ങിയതാണ് കിറ്റ്.

പ്രളയബാധിതരെ സഹായിക്കാനായി മുന്നോട്ടുവന്ന സന്നദ്ധസംഘടനക്കാണ് പത്താന്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത്. ഇതാദ്യമായല്ല, ഇര്‍ഫാന്‍ പത്താനും സഹോദന്‍ യൂസഫ് പത്താനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി രംഗത്തെത്തുന്നത്. കൊവിഡ് 19നെ തുടര്‍ന്ന് രാജ്യാവ്യാപക ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ബറോഡയിലെ പാവപ്പെട്ടവര്‍ക്കായി ഇര്‍ഫാനും യൂസഫും ചേര്‍ന്ന് 10000 കിലോ അരിയും 700 കിലോ ഉരുള കിഴങ്ങും വിതരണം ചെയ്തിരുന്നു. ഇതിന് പുറമെ റേഷന്‍ സാധനങ്ങളും മാസ്ക്, വിറ്റമിന്‍ സി ഗുളികകള്‍ എന്നിവയും പ്രദേശവാസികള്‍ക്കായി ഇരുവരും വിതരണം ചെയ്തു.

കനത്ത മഴയെത്തുടര്‍ന്ന് ബിഹാറിലുണ്ടായ കനത്ത പ്രളയം 38,47,531പേരെ ബാധിച്ചുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. 25000ത്തോളം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ബിഹാറിന് പുറമെ അസമിലും പ്രളയം കനത്ത നാശനഷ്ടം വിതച്ചിരുന്നു. അസമിതെ സ്ഥിതിഗതികള്‍ അല്‍പം മെച്ചപ്പെട്ടെങ്കിലും ബിഹാറില്‍ ഇപ്പോഴും സ്ഥിതി രൂക്ഷമായി തുടരുകയാണ്.