ബറോഡ: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ശിശുവെന്ന് വിളിച്ച പാക് മുന്‍ താരം അബ്ദുള്‍ റസാഖിന് പരോക്ഷ മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇത്തരം പ്രസ്താവനകള്‍ക്കൊന്നും ആരാധകര്‍ പ്രതികരിക്കാന്‍ പോവേണ്ടെന്നും വെറുതെ വായിച്ച് ചിരിച്ചാല്‍ മതിയെന്നും റസാഖിന്റെ പേര്  പറയാതെ പത്താന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

പണ്ട് തന്നെക്കുറിച്ച് പാക് പരിശീലകനായിരുന്ന ജാവേദ് മിയാന്‍ദാദ് പറഞ്ഞ കാര്യവും പത്താന്‍ വീണ്ടും ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ പാക് പര്യടനത്തിന് തൊട്ടുമുമ്പ് ഇര്‍ഫാന്‍ പത്താന്‍ പാക്കിസ്ഥാന് ഭീഷണിയാവുമോ എന്ന ചോദ്യത്തിന് പാക്കിസ്ഥാന്റെ ഓരോ ചേരിയിലും ഇതുപോലെ നൂറു കണക്കിന് പത്താന്‍മാരുണ്ടെന്നായിരുന്നു മിയാന്‍ദാദിന്റെ മറുപടി. പാക് പര്യടനത്തില്‍ ടെസ്റ്റില്‍ ഹാട്രിക്ക് നേടി പത്താന്‍ മികവ് കാട്ടുകയും ചെയ്തു.

സജീവ ക്രിക്കറ്റിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ നേരിടാന്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നുവെന്നും വസീം അക്രമിനെയും ഗ്ലെന്‍ മക്‌ഗ്രാത്തിനെയും ഷൊയൈബ് അക്തറിനെയും പോലുള്ള ഇതിഹാസ ബൗളര്‍മാരെ അപേക്ഷിച്ച് ബുമ്ര വെറും ശിശുവാണെന്നും റസാഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താനായിരുന്നെങ്കില്‍ ബുമ്രയെ അടിച്ചു പറത്തിയേനെ എന്നും ക്രിക്കറ്റ് പാക്കിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ റസാഖ്  വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ സച്ചിന്റെ ക്ലാസ് കോലിക്കില്ലെന്നും റസാഖ് പറഞ്ഞു. ഞങ്ങളൊക്കെ കളിച്ചിരുന്ന 1992-2007 കാലഘട്ടത്തിലെ പോലെ ലോകോത്തര താരങ്ങളെ ഇപ്പോള്‍ കാണാനില്ല. ടി20 ക്രിക്കറ്റ് എല്ലാം മാറ്റിമറിച്ചു. ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും മൂര്‍ച്ചയില്ല. വിരാട് കോലിയെ നോക്കൂ. വിരാട് മികച്ച താരവും സ്ഥിരതയുമുണ്ട്. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അതേ തട്ടില്‍ കോലിയെ പ്രതിഷ്‌ഠിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. സച്ചിന്‍ വേറൊരു തലത്തിലുള്ള താരമാണ്' എന്നായിരുന്നു റസാഖിന്റെ പ്രസ്താവന.