ടക്കത്തിലെ മത്സരങ്ങള്‍ പരാജയപ്പെട്ടിരുന്നെങ്കിലും പിന്നീട് തിരിച്ചുവരാന്‍ മുംബൈക്ക് സാധിക്കാറുണ്ടായിരുന്നു. ഈ സീസണിലെ ആദ്യ നാല് മത്സരങ്ങളും മുംബൈ തോറ്റുകഴിഞ്ഞു. 2015ല്‍ ആദ്യത്തെ നാലു കളികളിലും തോറ്റ ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി മുംബൈ കിരീടം നേടിയിരുന്നു.

മുംബൈ: ഐപിഎല്ലിന്റെ (IPL 2022) മുന്‍ സീസണുകളില്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ ടീമാണ് മുംബൈ ഇന്ത്യന്‍സ് (Mumbai Indians). തുടക്കത്തിലെ മത്സരങ്ങള്‍ പരാജയപ്പെട്ടിരുന്നെങ്കിലും പിന്നീട് തിരിച്ചുവരാന്‍ മുംബൈക്ക് സാധിക്കാറുണ്ടായിരുന്നു. ഈ സീസണിലെ ആദ്യ നാല് മത്സരങ്ങളും മുംബൈ തോറ്റുകഴിഞ്ഞു. 2015ല്‍ ആദ്യത്തെ നാലു കളികളിലും തോറ്റ ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി മുംബൈ കിരീടം നേടിയിരുന്നു. അത്തരമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ആരാധകര്‍ ഇപ്പോഴുമുണ്ട്.

എന്നാല്‍ അങ്ങനെയൊരു പ്രതീക്ഷ വേണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. പത്താന്റെ വാക്കുകള്‍.. ''2015ല്‍ മുംബൈ നടത്തിയതു പോലെയൊരു തിരിച്ചുവരവ് മറ്റൊരു ടീമും നടത്തിയിട്ടില്ല. അന്നു ആദ്യത്തെ നാലു മല്‍സരങ്ങള്‍ തോറ്റപ്പോള്‍ മുംബൈയെ എല്ലാവരും എഴുതിത്തള്ളിയിരുന്നു. പക്ഷെ അടുത്ത 10 മല്‍സരങ്ങളില്‍ എട്ടിലും ജയിച്ച് മുംബൈ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുകയും പിന്നീട് ഫൈനലും ജയിച്ച് കിരീടവും നേടി. 

ഈ സീസണിലെ മുംബൈ ഇന്ത്യന്‍സ് ടീം പക്ഷെ 2015ലേതു പോലെ ശക്തമല്ല. ജസ്പ്രീത് ബുമ്രയ്ക്കു പിന്തുണ നല്‍കാന്‍ കഴിയുന്ന ഒരു മികച്ച ബൗളര്‍ അവര്‍ക്കല്ല. ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ നിന്നും എങ്ങനെ തിരിച്ചുവരണമന്ന് അറിയാവുന്ന ടീമാണ് മുംബൈ. അവര്‍ നേരത്തേ അതു ചെയ്തിട്ടുള്ളതുമാണ്. 2015ല്‍ മുംബൈ ഇതുപോലെയൊരു സാഹചര്യത്തില്‍ തന്നെയായിരുന്നു. അന്നു ശക്തമായി തിരിച്ചുവന്ന് കപ്പുയര്‍ത്തുകയും ചെയ്തു. പക്ഷെ ഇപ്പോഴത്തെ ടീം വ്യത്യസ്തമാണ്.'' പത്താന്‍ പറഞ്ഞു. 

ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ സീസണിന്റെ തുടക്കത്തില്‍ നാലോ അതിലധികമോ മല്‍സരങ്ങളില്‍ പരാജയപ്പെട്ടിട്ടുള്ളത് നാലു തവണയാണ്. 2014ല്‍ അഞ്ച് മത്സരങ്ങളിലും അവര്‍ തോറ്റിരുന്നു. 2008, 15 സീസണുകളിലും മുംബൈയ്ക്കു തുടക്കം പാളിയിരുന്നു. ഇത്തവണയും മുംബൈ ഇതാവര്‍ത്തിക്കുകയാണ്. മുംബൈക്ക് പിഴച്ച നാല് സീസണുകളെടുത്താല്‍ മൂന്നും ഒരു മെഗാ ലേലത്തിനു ശേഷമുള്ള സീസണായിരുന്നു. ഇത്തവണയും ഇതു തന്നെയാണ് കാണുന്നത്.