Asianet News MalayalamAsianet News Malayalam

ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പത്താന്‍

കൊളംബോ, കാന്‍ഡി, ഗോള്‍, ദാംബുള്ള, ജാഫ്‌ന നഗരങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്. ടൂര്‍ണമെന്‍റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Irfan Pathan says he is not confirmed his availability for Lanka Premier League
Author
Baroda, First Published Aug 3, 2020, 5:40 PM IST

കൊളംബോ: ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ഭാവിയില്‍ ലോകത്തെ വിവിധി ടി20 ലീഗുകളില്‍ കളിക്കണമെന്നാണ് ആഗ്രഹമെങ്കിലും നിലവില്‍ ഒറു ടി20 ലീഗിലും കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പത്താന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

പുതുതായി ആരംഭിക്കുന്ന ടി20 ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ച 70 വിദേശ താരങ്ങളുടെ പട്ടികയില്‍ പത്താന്‍റെ പേരുണ്ടെന്ന് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ താരങ്ങളുടെ പട്ടികയോ ടീമുടമകളെയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കൊളംബോ, കാന്‍ഡി, ഗോള്‍, ദാംബുള്ള, ജാഫ്‌ന നഗരങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്. ടൂര്‍ണമെന്‍റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നാലു വേദികളിലായി 23 മത്സരങ്ങളാണ് ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലുണ്ടാകുക. പ്രേമദാസ സ്റ്റേഡിയം, ദാംബുള്ള രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം, പല്ലേക്കേലെ സ്റ്റേഡിയം, സൂര്യവേവ മഹിന്ദ രജപക്സെ സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഓഗസ്റ്റ് 28നാണ് ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ കന്നി സീസണിന് തുടക്കമാവുന്നത്.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഈ വര്‍ഷാദ്യം വിരമിച്ചെങ്കിലും ലങ്കയില്‍ കളിക്കാന്‍ പത്താന് ബിസിസിഐ അനുമതി വേണ്ടിവന്നേക്കും. വിരമിച്ച യുവ്‌രാജ് സിംഗ് കഴിഞ്ഞ സീസണില്‍ ബിസിസിഐ അനുമതിയോടെ അബുദാബിയില്‍ നടന്ന ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിനായി ജഴ്‌സിയണിഞ്ഞിരുന്നു. സജീവ ക്രിക്കറ്റിലുള്ള താരങ്ങളെ വിദേശ ലീഗുകളില്‍ പങ്കെടുക്കാന്‍ ബിസിസിഐ അനുവദിക്കാറില്ല. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കില്ലെന്ന് ഉറപ്പുള്ള കളിക്കാരെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് പത്താനും യുവരാജും റോബിന്‍ ഉത്തപ്പയും സുരേഷ് റെയ്നയുമെല്ലാം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios