ബറോഡ:വിടവാങ്ങല്‍ മത്സരത്തിനുപോലും കാത്തുനില്‍ക്കാതെ എം എസ് ധോണിയും സുരേഷ് റെയ്നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പിന്നാലെ ധോണിക്ക് വിടവാങ്ങല്‍ മത്സരം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ബിസിസിഐ. എന്നാല്‍ ധോണിക്ക് മുമ്പെ വിരമിച്ച യുവരാജ് സിംഗ് അടക്കമുള്ള ഒരുപിടി താരങ്ങള്‍ക്ക് വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ ബിസിസിഐ ഇതുവരെ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ധോണിക്കും റെയ്നക്കും പുറമെ ഇവര്‍ക്കും മുമ്പെ വിരമിച്ച 11 താരങ്ങളെവെച്ച് വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കണമെന്ന നിര്‍ദേശവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

Also Read: വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം ധോണി ആദ്യം പറഞ്ഞ വാക്കുകള്‍ വിശദീകരിച്ച് ബാലാജി

ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിംഗ്, സുരേഷ് റെയ്ന, എം എസ് ധോണി, ഇര്‍ഫാന്‍ പത്താന്‍, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ എന്നിവരാണ് പത്താന്റെ വിടവാങ്ങല്‍ മത്സരത്തിനുള്ള ടീമിലുള്ളത്. ആറ് ബാറ്റ്സ്മാന്‍മാരും വിക്കറ്റ് കീപ്പറും മൂന്ന് പേസര്‍മാരം ഒരു സ്പിന്നറും അടങ്ങുന്ന സമ്പൂര്‍ണ ടീമിനെയാണ് പത്താന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിടവാങ്ങല്‍ മത്സരം കളിക്കുന്നവരുടെ ടീമും നിലവിലെ ഇന്ത്യന്‍ ടീമും തമ്മില്‍ മത്സരം കളിക്കട്ടെയെന്നും ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കാമെന്നും പത്താന്‍ പറയുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പത്താന്‍ നിര്‍ദേശിച്ചതുപോലെ വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തി വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കാന്‍ ബിസിസിഐക്ക് നിലവിലെ സാഹചര്യത്തില്‍ കഴിയില്ല.