ഡെറാഡൂണ്‍: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ അയര്‍ലന്‍ഡിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അയര്‍ലന്‍ഡ് 49.2 ഓവറില്‍ 161ന് എല്ലാവരും പുറത്തായി. 89 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിങ്ങാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ജോര്‍ജ് ഡോക്‌റെല്‍ 37 റണ്‍സെടുത്തു. അഫ്ഗാന് വേണ്ടി ദ്വാലത് സദ്രാന്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

സ്റ്റിര്‍ലിങ്, ഡോക്‌റെല്‍ എന്നിവര്‍ക്ക് പുറമെ കെവിന്‍ ഒബ്രിയാന്‍ (10) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു ഐറിഷ് താരം. സ്റ്റിര്‍ലിങ്- ഡോക്‌റെല്‍ കൂട്ടുക്കെട്ട് ഉയര്‍ത്തിയ 76 റണ്‍സ് ഇല്ലായിരുന്നെങ്കില്‍ അഫ്ഗാന്റെ അവസ്ഥ ഇതിലും മോശമായേനെ. സദ്രാന്‍, മുജീബ് എന്നിവര്‍ക്ക് പുറമെ ഗുല്‍ബാദിന്‍ നെയ്ബ് രണ്ടും മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 36 റണ്‍സെടുത്തിട്ടുണ്ട്. മുഹമ്മദ് ഷെഹ്‌സാദ് (14), ഹസ്രത്തുള്ള സസൈ (22) എന്നിവരാണ് ക്രീസില്‍.