ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഡിക്ലറേഷന്‍ തീരുമാനം ബിസിസിഐയെ വെട്ടിലാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ. 608 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ട് അവസാന ദിനം രണ്ടാം സെഷനില്‍ എട്ടിന് 244 എന്ന നിലയിലാണ്. ഇപ്പോഴും 364 റണ്‍സ് അകലെയാണ് ഇംഗ്ലണ്ട്. അഞ്ച് വിക്കറ്റ് നേടിയ ആകാശ് ദീപാണ് ആതിഥേയരെ തകര്‍ത്തത്. ജാമി സ്മിത്താണ് (88) ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 180 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 587നെതിരെ ഇംഗ്ലണ്ട് 407ന് പുറത്താവുകായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ആറിന് 427 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.

എന്നാല്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഡിക്ലറേഷന്‍ തീരുമാനം ബിസിസിഐയെ വെട്ടിലാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ക്രീസിലുള്ള ബാറ്റര്‍മാരെ ഡ്രസ്സിങ് റൂമിലേക്ക് തിരികെ വിളിക്കുമ്പോള്‍ ഗില്‍ അണിഞ്ഞിരുന്ന നൈക്കിന്റെ വസ്ത്രമാണ് പ്രശ്‌നമായത്. ഗില്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് തന്റെ കറുത്ത നിറത്തിലെ ബ്ലാക്ക് നൈക്കി വെസ്റ്റ് അണിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരെ തിരികെ വിളിക്കുകയായിരുന്നു. അഡിഡാസുമായാണ് ബിസിസിഐക്ക് 2028 വരെ കരാര്‍ എന്നതാണ് ഇവിടെ പ്രശ്‌നമാവുന്നത്.

ഇന്ത്യന്‍ ടീമുകള്‍ക്കുള്ള കിറ്റുകള്‍ തയ്യാറാക്കാനുള്ള കരാര്‍ സ്വന്തമാക്കിയിരിക്കുന്നത് ജര്‍മന്‍ ബ്രാന്‍ഡായ അഡിഡാസ് ആണ്. നൈക്കിന്റെ വസ്ത്രമണിഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റനെ കണ്ടത് ബിസിസിഐയുടെ അഡിഡാസുമായുള്ള കരാര്‍ ലംഘനമാവുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറിയും നേടിയിരുന്നു ഗില്‍. ഒരു ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററും ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ ബാറ്ററുമെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തമാക്കി. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്‌കര്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും(124) രണ്ടാം ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറിയും(220) നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബാറ്റര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. സെഞ്ചുറി നേടിയതോടെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന രണ്ടാമത്തെ ബാറ്ററെന്ന റെക്കോര്‍ഡും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി.

YouTube video player