ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍. 45 പന്തില്‍ 80 റണ്‍സ് നേടിയ സഹിബാസാദ ഫര്‍ഹാന്റെ തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്ഥാന് അനായാസ ജയം സമ്മാനിച്ചത്.

റാവല്‍പിണ്ടി: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തോല്‍വി. റാവല്‍പിണ്ടി, ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് നേടാന്‍ സാധിച്ചത്. മുഹമ്മദ് നവാസ് പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ സിംബാബ്‌വെയോടും ടീം പരാജയപ്പെട്ടു.

45 പന്തില്‍ 80 റണ്‍സ് നേടിയ സഹിബാസാദ ഫര്‍ഹാനാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫര്‍ഹാന്റെ ഇന്നിംഗ്‌സ്. ഉസ്മാന്‍ ഖാന്‍ (5) ഫര്‍ഹാനൊപ്പം പുറത്താവാതെ നിന്നു. സെയിം അയൂബ് (20), ബാബര്‍ അസം (16), സല്‍മാന്‍ അഗ (0) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് പാകിസ്ഥാന് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്ത ശേഷം അയൂബ് ആദ്യം മടങ്ങി. ദസുന്‍ ഷനകയ്ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ഫര്‍ഹാന്‍ - ബാബര്‍ സഖ്യം 69 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ വിജയത്തിനരികെ ബാബര്‍ കൂടാരം കയറി. ദുഷ്മന്ത ചമീരയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ബാബര്‍. ചമീരയുടെ തൊട്ടടുത്ത പന്തില്‍ അഗ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എന്നാല്‍ അധികം നഷ്ടങ്ങളില്ലാതെ ഫര്‍ഹാന്‍ - ഉസ്മാന്‍ സഖ്യം പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, ശ്രീലങ്കന്‍ നിരയില്‍ ജനിത് ലിയാങ്കെ (38 പന്തില്‍ 41) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. കുശാല്‍ പെരേര (25), കാമില്‍ മിഷാര (22), പതും നിസ്സങ്ക (17), വാനിന്ദു ഹസരങ്ക (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കുശാല്‍ മെന്‍ഡിസ് (3), ഷനക (0), മെന്‍ഡിസ് (3) എന്നിവരും പുറത്തായി. വിയസ്‌കാന്ത് (0) പുറത്താവാതെ നിന്നു.

YouTube video player