കിവീസ് വനിതകള്‍ക്കെതിരെ നാലാം ഏകദിനത്തില്‍ അഞ്ച് മാറ്റങ്ങളുമായി കളിക്കാനിറങ്ങിയ ഇന്ത്യ വൈസ് ക്യാപ്റ്റനായി ദീപ്‌തി ശർമ്മയെ തെരഞ്ഞെടുത്തതും ശ്രദ്ധേയമായി

ക്വീന്‍സ്‌ടൗണ്‍: മോശം ഫോമിലുള്ള മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ (Harmanpreet Kaur) പുറത്തിരുത്തിയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ന്യൂസിലൻഡിനെതിരെ നാലാം ഏകദിനം (NZW vs INDW 4th ODI) കളിച്ചത്. 2017 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിര 171 റൺസ് എടുത്തതിന് ശേഷമുള്ള 32 ഏകദിന മത്സരങ്ങളിൽ 27.90 ശരാശരിയോടെ വെറും 614 റൺസ് മാത്രമാണ് ഹർമൻപ്രീതിന്‍റെ സമ്പാദ്യം. വെറും മൂന്ന് അർധസെഞ്ചുറി മാത്രമാണ് ഇക്കാലയളവിൽ ഹർമൻപ്രീത് നേടിയത്. 

ഇതോടെ ഹർമൻപ്രീതിന്‍റെ ടീമിലെ സ്ഥാനത്തിനും ഇളക്കം തട്ടിത്തുടങ്ങി. കിവീസ് വനിതകള്‍ക്കെതിരെ നാലാം ഏകദിനത്തില്‍ അഞ്ച് മാറ്റങ്ങളുമായി കളിക്കാനിറങ്ങിയ ഇന്ത്യ വൈസ് ക്യാപ്റ്റനായി ദീപ്‌തി ശർമ്മയെ തെരഞ്ഞെടുത്തതും ശ്രദ്ധേയമായി. 

തോല്‍വി തുടര്‍ക്കഥ

ഹര്‍മന്‍ പുറത്തിരുന്ന ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യൻ വനിതകൾ തോൽവി വഴങ്ങി. 63 റൺസിനാണ് ആതിഥേയരായ ന്യൂസിലൻഡിന്‍റെ ജയം. ന്യൂസിലൻഡിന്‍റെ 191 റൺസ് പിന്തുടർന്ന ഇന്ത്യ 17.5 ഓവറിൽ 128 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 29 പന്തിൽ 52 റൺസെടുത്ത വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും 30 റൺസെടുത്ത ക്യാപ്റ്റൻ മിതാലി രാജും മാത്രമാണ് പിടിച്ചുനിന്നത്. അര്‍ധ സെഞ്ചുറിയും മൂന്ന് വിക്കറ്റുമായി കിവികളുടെ അമേലിയ കേർ ആണ് പ്ലെയർ ഓഫ് ദ മാച്ച്. 

ഇന്ത്യയുടെ എട്ട് താരങ്ങൾ രണ്ടക്കം കണ്ടില്ല. സ്‌മൃതി മന്ഥാന(13), ഷെഫാലി വര്‍മ(0), യാസ്‌തിക ഭാട്ട്യ(0), പൂജാ വസ്‌ത്രാകര്‍(4), ദീപ്‌തി ശര്‍മ്മ(9), സ്‌നേഹ് റാണ(9), മേഗ്‌ന സിംഗ്(0*), രേണുക സിംഗ്(0), രാജേശ്വരി ഗെയ്‌ക്‌വാദ്(4) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. മഴകാരണം 20 ഓവറായി ചുരുക്കിയ മത്സരത്തിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് ന്യൂസിലൻഡ് 191 റൺസിലെത്തിയത്. വണ്‍- ഡൗണായിറങ്ങി അമേലിയ കേർ 33 പന്തിൽ 68 റൺസെടുത്തു. 

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റതിനാൽ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. പരമ്പരയിലെ അവസാന മത്സരം മറ്റന്നാൾ നടക്കും.

Wriddhiman Saha: ഭീഷണിപ്പെടുത്തിയ മാധ്യമപ്രവർത്തകന്‍റെ പേര് പറയില്ലെന്ന് സാഹ; ട്വിസ്റ്റിന് പിന്നില്‍?