കൊളംബോയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ച ഇഷന്‍ കിഷന്റെ ചിത്രമാണ് വൈറലാകുന്നത്.
കൊളംബോ: ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയുമായി മുഖ സാദൃശ്യമുള്ള ഇന്ത്യന്‍ യുവതാരത്തിന്റെ ചിത്രം വൈറല്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സീനിയര്‍ താരങ്ങളും ഇല്ലാതെയാണ് ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ പര്യടനത്തിനെത്തിയത്. അതിനിടെയാണ് കളിക്കില്ലാത്ത കോലി ക്ലീന്‍ഷേവ് ചെയ്ത് കളത്തിലിറങ്ങിയോ എന്ന പേരില്‍ ഫോട്ടോ വൈറലായത്.
കൊളംബോയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ച ഇഷന്‍ കിഷന്റെ ചിത്രമാണ് വൈറലാകുന്നത്. കിഷനൊപ്പം സൂര്യ കുമാര്‍ യാദവും ഏകദിന അരങ്ങേറ്റം ഞായറാഴ്ച ഗംഭീരമാക്കിയിരുന്നു. ലങ്കയില്‍ 'ക്ലീന്‍ ഷേവ് ചെയ്ത' കോലിയും എന്ന കുറിപ്പോടെയാണ് ഇഷന്‍ കിഷന്റെ ചിത്രം ചര്‍ച്ചയായത്.
അതേ സമയം അരങ്ങേറിയവര്‍ക്കെല്ലാം മറക്കാന്‍ കഴിയാത്തതായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം. മുന്നില്‍ നിന്ന് നയിച്ച ശിഖര്‍ ധവാന്‍ (പുറത്താവാതെ 86) ക്യാപ്റ്റനായുളള അരങ്ങേറ്റം അവിസ്മരണീയമാക്കി. വെടിക്കെട്ട് ഇന്നിങ്‌സ് പുറത്തെടുത്ത ഇഷാന്‍ കിഷന് (59) ഇതിനേക്കാള്‍ മനോഹരമായ അരങ്ങേറ്റം സ്വപ്‌നങ്ങളില്‍ മാത്രം.
ആദ്യമായി ഏകദിന ജേഴ്‌സിയണിഞ്ഞ സൂര്യകുമാര്‍ യാദവ് (പുറത്താവാതെ 31) ഏല്‍പ്പിച്ച ജോലി ഭംഗിയാക്കിയപ്പോള്‍ ഇന്ത്യയുടെ വിജയം ഏഴ് വിക്കറ്റിന്. 263 റണ്‍സായിരുന്നു ആതിഥേയര്‍ ഇന്ത്യക്ക് നല്‍കിയ വിജയലക്ഷ്യം. വിജയം പൂര്‍ത്തിയായപ്പോള്‍ സീനിയര്‍ ടീമിനൊപ്പം ആദ്യമായി പരിശീലകസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ദ്രാവിഡിനും ഇരട്ടി സന്തോഷം. ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നില്‍.
