കിഷന്‍ മാനസികമായി ബുദ്ധിമുട്ടുന്നത് കൊണ്ടാണ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു. കിഷനെ അടുത്തകാലത്ത് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചേക്കില്ലെന്ന വാര്‍ത്തകളാണിപ്പോള്‍ ബിസിസിഐ വൃത്തങ്ങള്‍ പുറത്തുവിടുന്നത്
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ശ്രദ്ധിച്ചത് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ അഭാവമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉണ്ടായിരുന്നുവെങ്കിലും പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ താരം നാട്ടിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നുവെന്നായിരുന്നു വിശദീകരണം. അതിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ ഇഷാന്‍ കളിച്ചിരുന്നു.
കിഷന്‍ മാനസികമായി ബുദ്ധിമുട്ടുന്നത് കൊണ്ടാണ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു. കിഷനെ അടുത്തകാലത്ത് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചേക്കില്ലെന്ന വാര്‍ത്തകളാണിപ്പോള്‍ ബിസിസിഐ വൃത്തങ്ങള്‍ പുറത്തുവിടുന്നത്. നിരന്തരം ടീമിനൊപ്പം യാത്ര ചെയ്യേണ്ടി വരുന്നതിനെ തുടര്‍ന്ന് കിഷന്‍ സ്വയം പിന്മാറുകയായിരുന്നു. മാത്രമല്ല, താരത്തിന് അവസരവും കുറവായിരുന്നു. ഓസ്‌ട്രേലിക്കെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി20 പരമ്പരയില്‍ അവസാന രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ചത് ജിതേഷിനായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ജിതേഷ് തുടര്‍ന്നു.
കിഷനപ്പുറത്തേക്ക് മറ്റൊരു താരത്തെ നോക്കികൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയങ്കില്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്നും താരത്തെ ഒഴിവാക്കിയേക്കും. ബിസിസിഐയുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ... ''ടീമിലുണ്ടായിട്ടും കൂടുതല്‍ അവസരം ലഭിക്കാത്തതില്‍ താരം അസന്തുഷ്ടനാണ്. അതുകൊണ്ടുതന്നെ കിഷന് അപ്പുറത്തേക്കുള്ള താരത്തെ അന്വേഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അദ്ദേഹം ഇടം കണ്ടെത്തുമോയെന്ന് നമുക്ക് നോക്കാം. മിക്കവാറും കെ എസ് ഭരതിനായിരിക്കും ചുമതല.'' ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജിതേഷിന്റെ കാര്യത്തില്‍ സെലക്റ്റര്‍മാര്‍ തൃപ്തരാണ്. മറ്റൊരു ഓപ്ഷന്‍ സഞ്ജു സാംസണാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് സഞ്ജുവിനെ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചത്. അയര്‍ലന്‍ഡിനെതിരെ രണ്ടാംനിര ടീമിനൊപ്പം കളിച്ചതിന് ശേഷം സഞ്ജു ആദ്യമായിട്ടാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരയിലും സഞ്ജു കളിച്ചിരുന്നില്ല.
