ശ്രീലങ്കയ്‌ക്കെതിരായ (IND vs SL) ആദ്യ ടി20യില്‍ അദ്ദേഹം മനോഹരമായി തിരിച്ചെത്തി. 56 പന്തുകള്‍ നേരിട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 89 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ പത്ത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നു.

ലഖ്‌നൗ: ഇഷാന്‍ കിഷന്‍ (Ishan Kishan) മറക്കാനാഗ്രഹിക്കുന്ന ടി20 പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ചത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ (IND vs SL) ആദ്യ ടി20യില്‍ അദ്ദേഹം മനോഹരമായി തിരിച്ചെത്തി. 56 പന്തുകള്‍ നേരിട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 89 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ പത്ത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നു.

തന്റെ ഇന്നിംഗ്‌സിനെ കുറിച്ച് ഇഷാന്‍ സംസാരിച്ചു. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Vira Kohli), പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) എന്നിവര്‍ നല്‍കിയ പിന്തുണകൊണ്ടാണ് തനിക്ക് തിളങ്ങാനായതെന്നാണ് കിഷന്‍ പറയുന്നത്. ''യുവതാരങ്ങള്‍ നന്നായി കളിക്കണെന്ന് സീനിയര്‍ താരങ്ങള്‍ എപ്പോഴും ആഗ്രഹിക്കും. ദ്രാവിഡ്, രോഹിത്, കോലി എന്നിവരെല്ലാം ഒരു മോശം കാലഘട്ടത്തിലൂടെ കടന്നു പോയവരായിരിക്കും. ഞാനൊരു മോശം സമയത്തലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കറിയാമായിരിക്കും എന്റെ മാനസികാവസ്ഥ എന്താണെന്ന്. 

വിന്‍ഡീസിനെതിരെ ഞാന്‍ നന്നായി കളിച്ചിരുന്നില്ല. അവരെന്നോട് സംസാരിച്ചിരുന്നു. എന്റെ കഴിവിന് കുറിച്ചും എനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നതിനെ കുറിച്ചും അവര്‍ക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. അവരെന്റെ കഴിവില്‍ വിശ്വസിച്ചു.'' കിഷന്‍ പറഞ്ഞു.

23കാരന്‍ തുടര്‍ന്നു... ''ചെറിയ ചെറിയ തെറ്റുകളില്‍ പോലും അവര്‍ക്ക് ശ്രദ്ധയുണ്ടായിരുന്നു. ബുദ്ധിമുട്ടേറിയ സമയങ്ങള്‍ ഇനിയുമുണ്ടാവും. അതില്‍ നിന്നെല്ലാം തിരിച്ചുവരാനുമാവും. എന്നാല്‍ കൂടുതല്‍ റണ്‍സ് നേടുമ്പോള്‍ അമിതമായി ആഘോഷിക്കാനില്ല. മോശം സമയത്തിലൂടെ പോകുമ്പോള്‍ സീനിയര്‍ താരങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുക. എന്റെ ഇന്നിംഗ്‌സിന് ഞാന്‍ ദ്രാവിഡ്, കോലി, രോഹിത് എന്നിവരോടെല്ലാം കടപ്പെട്ടിരിക്കുന്നു.'' കിഷന്‍ പഞ്ഞു. വിക്കറ്റിന് പിന്നില്‍ ഒരു സ്റ്റംപിംഗും കിഷന്‍ നടത്തിയിരുന്നു. 

62 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ കിഷനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യര്‍ (57), രോഹിത് ശര്‍മ (44) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തിലെ താരവും ഇഷാന്‍ ആയിരുന്നു. ശ്രേയസ് പുറത്താവാതെ നിന്നു. ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 

ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെയും ടീം എന്ന നിലയില്‍ ഇന്ത്യയുടെയും തുടര്‍ച്ചയായ പത്താം ജയം. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 199-2, ശ്രീലങ്ക ഓവറില്‍ 20 ഓവറില്‍ 137-6. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ധര്‍മശാലയില്‍ നടക്കും.