ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇഷാന്‍ കിഷനെ ഇന്ത്യന്‍ മാനേജ്മെന്‍റ് സമീപിച്ചിരുന്നു എന്ന് റിപ്പോർട്ട്
മുംബൈ: ബിസിസിഐ പുതുക്കിയ വാർഷിക കരാർ പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍ പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ ഇടവേളയെടുത്ത ഇഷാനോട് ദേശീയ ടീമിലേക്ക് മടങ്ങിവരാന്‍ രഞ്ജി ട്രോഫി കളിക്കാന്‍ സെലക്ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിർദേശം അവഗണിച്ച് താരം സ്വകാര്യ പരിശീലനത്തില്‍ മുഴങ്ങിയതോടെയാണ് കരാർ തെറിച്ചത്. നാടകീയതകള്‍ തുടരുന്നതിനിടെ ഇഷാന്‍ കിഷനെ കുറിച്ച് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ മടങ്ങിവരവിനെ കുറിച്ച് ബിസിസിഐ കിഷനോട് അഭിപ്രായം തേടിയിരുന്നു എന്നാണ് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോർട്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇഷാന്‍ കിഷനെ ഇന്ത്യന്‍ മാനേജ്മെന്‍റ് സമീപിച്ചിരുന്നു. എന്നാല്‍ ടീമിലേക്ക് മടങ്ങിവരാന്‍ തയ്യാറായിട്ടില്ല എന്ന് ഇഷാന്‍ മറുപടി നല്‍കുകയായിരുന്നു എന്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ തനിക്ക് ഇടവേള വേണമെന്ന് ഇഷാന്‍ കിഷന്‍ ആവശ്യപ്പെടുകയും ബിസിസിഐ അത് അംഗീകരിക്കുകയുമായിരുന്നു. ഇതിന് ശേഷം ടീമിലേക്ക് താരത്തിന്‍റെ തിരിച്ചുവരവ് വൈകി. ദേശീയ ടീമിനൊപ്പം കളിക്കുകയോ പരിക്കിലോ അല്ലെങ്കില്‍ നിർബന്ധമായും കളിക്കാർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിർദേശം ബിസിസിഐ ഇതോടെ ഇറക്കി. ഈ നിർദേശം അവഗണിച്ച ഇഷാന്‍ ജാർഖണ്ഡിനായി രഞ്ജി ട്രോഫിയില്‍ ഇറങ്ങിയില്ല. ഇതിന് പിന്നാലെ ഇഷാന്‍ കിഷനെ വാർഷിക കരാറില്‍ നിന്ന് ബിസിസിഐ ഒഴിവാക്കുകയായിരുന്നു. മുംബൈക്കായി രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതിച്ച മറ്റൊരു താരമായ ശ്രേയസ് അയ്യർക്കും കരാർ നഷ്ടമായി. അയ്യർക്ക് പരിക്കാണ് എന്ന് റിപ്പോർട്ടുകള്‍ വന്നെങ്കിലും ഇത് നിഷേധിച്ച് ദേശീയ ക്രിക്കറ്റ് അക്കാഡമി റിപ്പോർട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യർ എന്നിവരെ എന്തുകൊണ്ട് കരാറില്‍ നിന്ന് ഒഴിവാക്കി എന്നതിന് ഔദ്യോഗിക വിശദീകരണം ബിസിസിഐ നല്‍കിയിട്ടില്ല.
Read more: അധികം വൈകില്ല, ട്വന്‍റി 20 ലോകകപ്പ് ടീം പ്രഖ്യാപന തിയതിയായി; സഞ്ജു സാംസണ് ഇപ്പോഴും സാധ്യത
