ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന സമയത്ത് കറുത്ത നിറത്തിന്റെ പേരില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമിയെ കാലു എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിച്ചവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളും. താരങ്ങളുടെ പഴയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തന്നെയാണ് ഇതിന് വലിയ തെളിവ്.

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന കാലത്ത് താനും ശ്രീലങ്കന്‍ താരം തിസാര പെരേരയും വംശീയ വംശീയ അധിക്ഷേപം നേരിട്ടുവെന്ന് ഡാരന്‍ സമി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തന്നെയും തിസാര പെരേരയെയും കറുത്തവനെന്നായിരുന്നു(ഹിന്ദിയില്‍ കാലു) വിളിച്ചിരുന്നതെന്നും ആദ്യമൊന്നും കാലു എന്ന വാക്കിന്റെ അര്‍ത്ഥം മനസിലായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സമി കുറിച്ചിരുന്നു. എന്നാല്‍ ആരൊക്കെയാണ് അങ്ങനെ വിളിച്ചിരുന്നതെന്ന് സമി വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍ 2014 നവംബറില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇഷാന്ത ശര്‍മ പോസ്റ്റ് ചെയ്ത സമിക്കൊപ്പമുള്ള ചിത്രത്തില്‍ അടിക്കുറിപ്പില്‍ പറയുന്നത് ഞാനും ഭുവിയും കാലുവും, ഗണ്‍ റൈസേഴ്സ് എന്നാണ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിനും ഈ ചിത്രത്തിലുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Me, bhuvi, kaluu and gun sunrisers

A post shared by Ishant Sharma (@ishant.sharma29) on May 14, 2014 at 9:18am PDT

ഇതിന് പുറമെ സണ്‍റൈസേഴ്സ് മുന്‍ താരവും മെന്ററുമായ വിവിഎസ് ലക്ഷ്മണ് ഡാരന്‍ സമി തന്നെ അയച്ച ജന്‍മദിനാശംസയില്‍ സമി തന്നെ വിശേഷിപ്പിക്കുന്നത്, സന്തോഷ ജന്‍മദിനം നേരുന്നു, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ, ഈ കറുുത്ത കാലുവിനെ ഓര്‍ക്കുന്നുണ്ടോ എന്നാണ്.

തന്നെ കാലു എന്ന് വിളിച്ച് അധിക്ഷേപിച്ചവരെല്ലാം തന്നെ ബന്ധപ്പെടുത്തണമെന്നും ഇല്ലെങ്കില്‍ ഇവരുടെ പേരുകള്‍ പരസ്യമാക്കുമെന്നും കഴിഞ്ഞ ദിവസം സമി വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാം വിഡിയോക്ക് ഒപ്പമുള്ള കുറിപ്പിലാണ് സമി തന്നെ അധിക്ഷേപിച്ചവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യന്‍ അമേരിക്കന്‍ ഹാസ്യതാരമായ ഹസന്‍ മിനാജിന്റെ ഒറു ഷോ കണ്ടപ്പോഴാണ് കാലു എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം തനിക്ക് മനസിലായതെന്നും അര്‍ത്ഥമറിഞ്ഞപ്പോള്‍ ശരിക്കും ദേഷ്യം വന്നുവെന്നും സമി പറഞ്ഞു. ഓരോ തവണയും തന്നെയും തിസാര പെരേരയെയും കാലു എന്ന് വിളിക്കുമ്പോള്‍ ടീം അംഗങ്ങള്‍ ചിരിക്കാറുണ്ടായിരുന്നുവെന്നും അത് എന്തെങ്കിലും തമാശവാക്കായിരിക്കുമെന്നാണ് അന്ന് കരുതിയിരുന്നതെന്നും സമി പറഞ്ഞു.

എന്നെ അങ്ങനെ വിളിച്ചവര്‍ക്ക് അറിയാമല്ലോ, അതാരൊക്കെയാണെന്ന്. അതുകൊണ്ട്, അവരെല്ലാം എന്നെ വിളിക്കുക. നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. മോശമായ അര്‍ത്ഥത്തിലാണ് നിങ്ങളെന്നെ ആ പേര് വിളിച്ചിരുന്നതെങ്കില്‍ ഞാന്‍ നിരാശനാകും. എനിക്ക് ദേഷ്യം വരും. നിങ്ങളെന്നോട് മാപ്പ് പറയേണ്ടിവരും. അതുകൊണ്ട് എന്നോട് സംസാരിക്കു, എല്ലാം പറഞ്ഞു തീര്‍ക്കൂ എന്നും സമി ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ വ്യക്തമാക്കിയിരുന്നു.


അമേരിക്കയില്‍ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായി ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ മരിച്ചതിന് പിന്നാലെ കായികരംഗത്തെ നിരവധിപേര്‍ തങ്ങള്‍ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. സമിയുടെ സഹതാരമായ ക്രിസ് ഗെയ്‌ലും തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.

ജോര്‍ജ് ഫ്ലോയ്‌ഡിന്റെ കൊലപാതകത്തില്‍ പ്രതികരണങ്ങള്‍ അമേരിക്കയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അത് ലോകം മുഴുവന്‍ പടരുന്നതാണെന്നും സമി നേരത്തെ വ്യക്തമാക്കിയിരുന്നു. വിവേചനത്തിനെതിരെ ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്തുവരണമെന്നും സമി ആവശ്യപ്പെട്ടിരുന്നു.