ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. ആദ്യജയം ലക്ഷ്യമിട്ടിറങ്ങുമ്പോല്‍ തന്ത്രങ്ങളും കളിയും മാറ്റിയാലെ കേരള ബ്ലാസ്റ്റേഴ്‌സിന് രക്ഷയുള്ളൂ.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേസ് (Kerala Blasters) ഇന്നിറങ്ങും. കരുത്തരായ ബെംഗളൂരു എഫ് സിയാണ് (Bengaluru FC) എതിരാളികള്‍. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. ആദ്യജയവും ലക്ഷ്യമിട്ടിറങ്ങുമ്പോല്‍ തന്ത്രങ്ങളും കളിയും മാറ്റിയാലെ കേരള ബ്ലാസ്റ്റേഴ്‌സിന് രക്ഷയുള്ളൂ. മൂന്നാമങ്കത്തില്‍ മുന്നിലുള്ളത് ചില്ലറക്കാരല്ല. 

ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെതിരെ (ATK Mohun Bagan) കനത്ത തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. മുന്നേറ്റത്തിന്റെ മുനയൊടിഞ്ഞപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ (North East United) ഗോളില്ലാ സമനില. സുനില്‍ ഛേത്രിയുടെ (Sunil Chhetri) ബെംഗളൂരു എഫ് സി ഹൈലാന്‍ഡേഴ്‌സിനെ തോല്‍പിച്ചാണ് തുടങ്ങിയത്. എന്നാല്‍ ഒഡിഷയോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നു. 

ഉദാന്ത സിംഗ്, മലയാളിതാരം ആഷിഖ് കുരുണിയന്‍, സുനില്‍ ഛേത്രി, ക്ലെയ്റ്റന്‍ സില്‍വ എന്നിവരെ തടയുകയാവും ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന വെല്ലുവിളി. ഇതോടൊപ്പം അഡ്രിയന്‍ ലൂണ, സഹല്‍ അബ്ദുല്‍ സമദ്, ജോര്‍ഗെ പെരേര, വിന്‍സി ബരേറ്റോ സഖ്യം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും വേണം. 

ആരാധകര്‍ക്കിടയില്‍ ചൂടുംചൂരും നിറയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സും ബിഎഫ്‌സിയും ഏറ്റുമുട്ടിയത് എട്ടുതവണ. അഞ്ചിലും ബി എഫ് സി ജയിച്ചു. ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത് ഒരിക്കല്‍ മാത്രം. രണ്ട് കളി സമനിലയില്‍. ഇരുടീമുംകൂടി നേടിയത് ഇരുപത്തിയാറ് ഗോള്‍. ഇതില്‍ ഒന്‍പതും കഴിഞ്ഞ സീസണില്‍. അഞ്ച് ഗോള്‍ നേടിയ സുനില്‍ ഛേത്രിയാണ് ടോപ് സ്‌കോറര്‍.