ഹാമില്‍ട്ടണ്‍: ടീം ഇന്ത്യയുടെ രണ്ടാം വന്‍മതില്‍ എന്ന വിശേഷണമുണ്ട് ചേതേശ്വര്‍ പൂജാരയ്‌ക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ ഇന്നിംഗ്‌സുകളുമായി ടീമിന്‍റെ രക്ഷയ്‌ക്ക് എത്തിയതാണ് ഈ വിശേഷണം ലഭിക്കാന്‍ കാരണം. എന്നാല്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡുമായി താരതമ്യം ചെയ്യുന്നതിലെ പ്രശ്നം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പൂജാരയിപ്പോള്‍. 

'ദ്രാവിഡുമായി താരതമ്യം ചെയ്യപ്പെടുന്നത് വലിയ അംഗീകാരമാണ്. എന്നാല്‍ അത് ശരിയായ താരതമ്യമല്ല. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും കളിച്ച, ടെസ്റ്റിലും ഏകദിനത്തിലും 10,000ത്തിലേറെ റണ്‍സ് നേടിയ താരമാണ് ദ്രാവിഡ്. ഞാന്‍ ഇനിയുമേറെ നേട്ടങ്ങള്‍ കരിയറില്‍ സ്വന്തമാക്കേണ്ടിയിരിക്കുന്നു. ഞാനിപ്പോഴും കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡില്‍ നിന്ന് ഒട്ടേറെ ഉപദേശങ്ങള്‍ ലഭിക്കാനുള്ള ഭാഗ്യമുണ്ടായെന്നും' പൂജാര ഇന്ത്യ ടുഡേയോട് വ്യക്തമാക്കി. 

രഞ്ജി ട്രോഫി താരത്തില്‍ നിന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തന്നെ പരുവപ്പെടുത്തിയത് രാഹുല്‍ ദ്രാവിഡ് ആണെന്നും പൂജാര വ്യക്തമാക്കി. 'ദ്രാവിഡ് ഇന്ത്യയെ നയിക്കുന്ന കാലത്ത് ഒരു രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് അദേഹത്തെ കണ്ടുമുട്ടിയത്. ആ സമയത്ത് ഞാന്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ത്യന്‍ ടീമിലെത്തിയ ശേഷം അദേഹത്തില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചെടുക്കാനായി. വിരമിച്ച ശേഷം ഇന്ത്യ എയെ പരിശീലിപ്പിക്കുമ്പോഴും ദ്രാവിഡില്‍ നിന്ന് പിന്തുണയും ഉപദേശങ്ങളും ലഭിച്ചത് ഗുണംചെയ്‌തെന്നും' പൂജാര കൂട്ടിച്ചേര്‍ത്തു.