യൂറോ കപ്പിന്‍റെ ക്വാര്‍ട്ടറില്‍ ഇറ്റലിയോട് തോറ്റ് പുറത്തായെങ്കിലും ബെല്‍ജിയം തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ രണ്ടാമതും ഫ്രാന്‍സ് മൂന്നാമതുമാണ്. യൂറോ കപ്പ് ഫൈനലില്‍ തോറ്റ ഇംഗ്ലണ്ട് ആണ് നാലാം സ്ഥാനത്ത്.

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ കോപ്പ അമേരിക്ക കിരീടം നേടിയ അര്‍ജന്‍റീനക്കും യൂറോ കപ്പ് കിരീടം നേടിയ ഇറ്റലിക്കും മുന്നേറ്റം. ഏറ്റവും പുതിയ റാങ്കിംഗില്‍ അര്‍ജന്‍റീന ആറാം സ്ഥാനത്തും ഇറ്റലി അഞ്ചാം സ്ഥാനത്തുമെത്തി. ഇന്ത്യയുടെ റാങ്കിംഗ് 105-ാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു.

കഴിഞ്ഞ മാസം വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴൻടക്കിയാണ് ഇറ്റലി ചാമ്പ്യന്‍മാരായത്. യൂറോ കപ്പില്‍ കിരീടം നേടിയതാണ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്താന്‍ ഇറ്റലിയെ സഹായിച്ചത്. ബ്രസീലിനെ ഫൈനലില്‍ തോല്‍പ്പിച്ച് കോപ്പ അമേരിക്ക കിരീടം നേടിയ അര്‍ജന്‍റീനയും രണ്ട് സ്ഥാനങ്ങള്‍ കയറി എട്ടാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

യൂറോ കപ്പിന്‍റെ ക്വാര്‍ട്ടറില്‍ ഇറ്റലിയോട് തോറ്റ് പുറത്തായെങ്കിലും ബെല്‍ജിയം തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ രണ്ടാമതും ഫ്രാന്‍സ് മൂന്നാമതുമാണ്. യൂറോ കപ്പ് ഫൈനലില്‍ തോറ്റ ഇംഗ്ലണ്ട് ആണ് നാലാം സ്ഥാനത്ത്. അമേരിക്ക പത്ത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തിയപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഖത്തറാണ് നേട്ടം കൊയ്തത്.

അടുത്ത ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തര്‍ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 42-ാം സ്ഥാനത്തെത്തി. ഖത്തറിന്‍റെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യയെ 105-ാം സ്ഥാനത്ത് നിലനിര്‍ത്തിയത്.