ഞായറാഴ്ച ഏക്നാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പര്‍ ഓവറില്‍ കൊൽക്കത്തയോട് തോറ്റതോടെ ലക്നൗ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണിരുന്നു.

ലക്നൗ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറിൽ ബാറ്റിംഗ് ഓർഡർ നിശ്ചയിച്ചതിൽ ലക്നൗ സൂപ്പർ ജയന്‍റ്സിന് പറ്റിയത് വൻ വീഴ്ചയെന്ന് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്‌ൽ സ്റ്റെയ്‌ൻ. മോശം ഫോമിലുള്ള നിക്കോളാസ് പുരാനെ ഇത്തരമൊരു സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലേക്ക് വിട്ടത് 'ക്രിമിനൽ കുറ്റത്തിന്' തുല്യമാണെന്ന് സ്റ്റെയ്‌ൻ വിമർശിച്ചു.

ഞായറാഴ്ച ഏക്നാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പര്‍ ഓവറില്‍ കൊൽക്കത്തയോട് തോറ്റതോടെ ലക്നൗ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണിരുന്നു. മത്സരത്തിൽ ബാറ്റിംഗിലും സൂപ്പർ ഓവറിലും പുരാൻ പരാജയപ്പെട്ടതാണ് സ്റ്റെയ്‌നിനെ പ്രകോപിപ്പിച്ചത്. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ മൂന്ന് സൂപ്പർ ഓവറുകളിൽ ബാറ്റ് ചെയ്ത പുരാൻ മൂന്നിലും പൂജ്യത്തിനാണ് പുറത്തായെന്ന നാണംകെട്ട റെക്കോർഡും ഇതോടെ തലയിലായി. മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെയാണ് സ്റ്റെയ്ൻ ലക്നൗവിന്‍റെ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

View post on Instagram

മൂന്ന് സൂപ്പർ ഓവറുകൾ, മൂന്നിലും പൂജ്യം റൺസ്, പൂരാന്‍റെ നിലവിലെ ഫോം വെച്ച് മറ്റൊരാളെ ബാറ്റിംഗിന് അയക്കുന്നതിനെക്കുറിച്ച് ടീം ചിന്തിക്കേണ്ടതായിരുന്നു. മിച്ച് മാർഷ്, റിഷഭ് പന്ത്, മുകുൾ ചൗധരി എന്നിങ്ങനെ മികച്ച രീതിയിൽ പന്ത് അടിക്കുന്ന താരങ്ങൾ കൈവശമുള്ളപ്പോഴാണ് ഈ മണ്ടത്തരം കാട്ടിയത്. പൂരാനെ സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ ഇറക്കിയത് ഒരു ക്രിമിനൽ തീരുമാനമാണ് - സ്റ്റെയ്‌ൻ പറഞ്ഞു.

ഈ സീസണിൽ ഇതുവരെ കളിച്ച 8 മത്സരങ്ങളിൽ നിന്ന് വെറും 10.25 ശരാശരിയിൽ 82 റൺസ് മാത്രമാണ് പൂരാന് നേടാനായത്. സൂപ്പർ ഓവറിൽ സുനിൽ നരെയ്നിന്‍റെ ആദ്യ പന്തിലാണ് പൂരാൻ പുറത്തായത്. 2014-ലെ സി.പി.എല്ലിലും ഇതേപോലെ ഒരു സൂപ്പർ ഓവറിൽ പൂരാനെ നരെയ്ൻ പുറത്താക്കിയിട്ടുണ്ട്. സ്വന്തം കഴിവിൽ പൂരാന് പോലും ഇപ്പോൾ വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ മികച്ച ഫോമിലുള്ളവരെയാണ് നിയോഗിക്കേണ്ടതെന്നും സ്റ്റെയ്‌ൻ ഓർമ്മിപ്പിച്ചു. തുടർച്ചയായ അഞ്ചാം തോൽവിയാണ് റിഷഭ് പന്തിന്‍റെ ലക്നൗ സൂപ്പർ ജയന്‍റ്സ് വഴങ്ങിയത്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ മെയ് 4-ന് വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെ നടക്കാനിരിക്കുന്ന പോരാട്ടം ടീമിന് നിർണായകമാണ്.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക