വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലില്‍ ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചതിനെ ക്രിക്കറ്റെന്ന് വിളിക്കാനാവില്ലെന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍. ഇത്തരമൊരു സാഹചര്യം ഉണ്ടാവുമെന്ന് സത്യത്തില്‍ ആരും ചിന്തിച്ചുകാണില്ല. ചില സമയങ്ങളില്‍ ഇത്തരം തീരുമാനങ്ങള്‍ എങ്ങനെയാണ് എടുക്കുന്നതെന്നുപോലും തോന്നിപ്പോവും.

ഒരു റൂമിലിരുന്ന് ചര്‍ച്ച ചെയ്ത് ഇത്തരം ആശയങ്ങള്‍ അവതരിപ്പിച്ചവര്‍ ഭാവിയില്‍ ഇങ്ങനെയൊക്കെ സംഭവിച്ചേക്കാമെന്ന് ഒരിക്കലും സങ്കല്‍പ്പിച്ചിട്ടുപോലുമുണ്ടാവില്ല.ഒടുവില്‍ അത് സംഭവിച്ചപ്പോഴോ, അത് ഏറ്റവും മോശം അനുഭവങ്ങളില്‍ ഒന്നായി മാറി. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുത്. കാരണം ഇതിനെ ക്രിക്കറ്റെന്ന് വിളിക്കാനാവില്ല.

ഇംഗ്ലണ്ടും ഇക്കാര്യം അംഗീകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇങ്ങനെ പുറത്താവുന്നത് ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള സംഗതിയാണ്. കടുത്ത പോരാട്ടം കണ്ട മത്സരമായിരു ഫൈനല്‍. എന്തായാലും നൂറു കണിക്കിന് മത്സരങ്ങള്‍ കളിച്ചൊരു കളിക്കാരന്‍ പോലും ഇത്തരമൊരു പുറത്താകല്‍ ഒരിക്കലും ആഗ്രഹിക്കില്ല. അത്തരമൊരു നിയമം മാറ്റാന്‍ ഐസിസി തയാറായി എന്നത് നല്ല കാര്യമാണെന്നും വില്യാംസണ്‍ പറഞ്ഞു.

ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളിയാണ് ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് കിരീടം നേടിയത്.