ദില്ലി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ വീണ് തോളിന് പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തുമെന്നും ആരാധകരുടെ ആശംസകള്‍ക്ക് നന്ദിയെന്നും ശ്രേയസ് ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ വീണപ്പോഴാണ് ശ്രേയസിന്‍റെ തോളിന് പരിക്കേറ്റത്. തുടര്‍ന്ന് ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമായതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ശ്രേയസിന് പൂര്‍ണമായി നഷ്ടമായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി നായകന്‍ കൂടിയായ ശ്രേയസിന്‍റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

ശ്രേയസിന്‍റെ അഭാവത്തില്‍ റിഷഭ് പന്താണ് ഇത്തവണ ഐപിഎല്ലില്‍ ഡല്‍ഹിയെ നയിക്കുന്നത്. നായകനെന്നതിലുപരി ഡല്‍ഹിയുടെ പ്രധാന ബാറ്റ്സ്മാനുമായിരുന്നു ശ്രേയസ്. കഴിഞ്ഞ സീസണില്‍ ശ്രേയസിന്‍റെ നേതൃത്വത്തിലിറങ്ങിയ ഡല്‍ഹി ഫൈനലില്‍ എത്തിയിരുന്നു.

ഐപിഎല്ലില്‍ ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. വൈകാതെ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന ശ്രേയസിന്‍റെ വാക്കുകള്‍ ഡല്‍ഹിക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. നേരത്തെ പരിക്കില്‍ നിന്ന് മുക്തനാക്കാന്‍ നാലു മാസംവരെ എടുക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.