Asianet News MalayalamAsianet News Malayalam

ആരാണ് കേമന്‍? ഹാര്‍ദിക്കോ സ്റ്റോക്‌സോ; മറുപടിയുമായി ജാക്ക് കാലിസ്

ഹാര്‍ദിക് പാണ്ഡ്യയും ബെന്‍ സ്റ്റോക്‌സും ലോകോത്തര ഓള്‍റൗണ്ടര്‍മാരാണ് എന്ന് ഇതിഹാസ താരം ജാക്ക് കാലിസ് 

Jacques Kallis replied to question that asks Who Is The Better All Rounder Hardik Pandya Or Ben Stokes
Author
First Published Oct 1, 2022, 2:25 PM IST

മുംബൈ: മോഡേണ്‍ ഡേ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാലിസ്. പന്തും ബാറ്റും കൊണ്ട് ഒരുപോലെ രാജ്യാന്തര തലത്തില്‍ തിളങ്ങിയ താരങ്ങളില്‍ പ്രധാനി. അതേ കാലിസ്, സമകാലിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരായ ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്‌സിനെ കുറിച്ചും ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയെ കുറിച്ചും മനസുതുറന്നിരിക്കുകയാണ്. ഇവരില്‍ ആരാണ് മികച്ച ഓള്‍റൗണ്ടറെന്ന ചോദ്യത്തിന് മുന്‍താരം മറുപടി നല്‍കി. 

ഹാര്‍ദിക് പാണ്ഡ്യയും ബെന്‍ സ്റ്റോക്‌സും ലോകോത്തര ഓള്‍റൗണ്ടര്‍മാരാണ്. രണ്ടുപേരും അവരുടെ ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട് എന്നറിയാം. രണ്ടുപേരും തമ്മിലുള്ളത് ആരോഗ്യപരമായ മത്സരമാണ് എന്നും കാലിസ് എന്‍ഡിടിവിയോട് പറഞ്ഞു. 

18 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ അസൂയാവഹമായ നേട്ടങ്ങള്‍ സ്വന്തം പേരിലെഴുതിയ ഓള്‍റൗണ്ടറാണ് ജാക്ക് കാലിസ്. ടെസ്റ്റില്‍ 166 മത്സരങ്ങളില്‍ 13289 റണ്‍സും 292 വിക്കറ്റും 328 ഏകദിനങ്ങളില്‍ 11579 റണ്‍സും 273 വിക്കറ്റും 25 രാജ്യാന്തര ടി20കളില്‍ 666 റണ്‍സും 12 വിക്കറ്റുകളും കാലിസ് നേടി. 98 ഐപിഎല്‍ മത്സരങ്ങളില്‍ 2427 റണ്‍സും 65 വിക്കറ്റും സ്വന്തമാക്കിയതും നേട്ടം. ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തിലേറെ റണ്‍സും 250ലേറെ വിക്കറ്റുമുള്ള ഏക താരമാണ് ജാക്ക് കാലിസ്. 

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുന്ന 28കാരനായ ഹാര്‍ദിക് പാണ്ഡ്യ സമകാലിക ക്രിക്കറ്റില്‍ ഏറ്റവും ഇംപാക്‌ടുള്ള താരങ്ങളിലൊരാളാണ്. കരിയറിലെ 11 ടെസ്റ്റില്‍ ഒരു സെഞ്ചുറിയോടെ 532 റണ്‍സും 17 വിക്കറ്റും സ്വന്തമാക്കി. അതേസമയം 66 ഏകദിനങ്ങളില്‍ 1386 റണ്‍സും 63 വിക്കറ്റും 73 രാജ്യാന്തര ടി20കളില്‍ 989 റണ്‍സും 54 വിക്കറ്റും സ്വന്തം. ഐപിഎല്ലിലും മികച്ച റെക്കോര്‍ഡാണ് ഹാര്‍ദിക്കിനുള്ളത്. 107 കളികളില്‍ 1963 റണ്ണും 50 വിക്കറ്റും പേരിലാക്കി. 

അതേമയം മോഡേണ്‍ ഡേ ഗ്രേറ്റ് എന്ന് ഇതിനകം വിശേഷിപ്പിക്കപ്പെടുന്ന ഓള്‍റൗണ്ടറാണ് 31കാരനായ ബെന്‍ സ്റ്റോക്‌സ്. പ്രത്യേകിച്ച് ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിനുള്ളത്. 86 മത്സരങ്ങളില്‍ 12 സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറികളും സഹിതം 5429 റണ്‍സ് സമ്പാദ്യം. ഇതിനൊപ്പം 192 വിക്കറ്റുകളും നേടി. ഏകദിനത്തില്‍ നിന്ന് അടുത്തിടെ വിരമിച്ച താരം 105 കളിയില്‍ 2924 റണ്‍സും 74 വിക്കറ്റുമാണ് നേടിയത്. രാജ്യാന്തര ടി20യില്‍ 34 മത്സരങ്ങളില്‍ 442 റണ്‍സും 19 വിക്കറ്റും പേരിലാക്കി. ഐപിഎല്ലില്‍ 43 കളിയില്‍ 920 റണ്‍സും 28 വിക്കറ്റുമുണ്ട്. 

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീട സാധ്യത; ജാക്ക് കാലിസ് ഏഷ്യാനെറ്റ് ന്യൂസിനോട്
 


 

Follow Us:
Download App:
  • android
  • ios