ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 47 മത്സരങ്ങളില്‍ നിന്നായി ജഡേജ 150 വിക്കറ്റുകളും 2532 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ജഡേജക്ക് പുറമെ മൂന്ന് പേരാണ് ഇതുവരെ 100 വിക്കറ്റും 1000നു മുകളില്‍ റണ്‍സും സ്കോര്‍ ചെയ്തിട്ടുള്ളത്.

കൊല്‍ക്കത്ത: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ മറ്റൊരു താരത്തിനും സ്വന്തമാക്കാനാവാത്ത അത്യപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 27 റണ്‍സ് നേടിയ ജഡേജ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 150 വിക്കറ്റും 2500 റണ്‍സും തികച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ജഡേജ. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 47 മത്സരങ്ങളില്‍ നിന്നായി ജഡേജ 150 വിക്കറ്റുകളും 2532 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ജഡേജക്ക് പുറമെ മൂന്ന് പേരാണ് ഇതുവരെ 100 വിക്കറ്റും 1000നു മുകളില്‍ റണ്‍സും സ്കോര്‍ ചെയ്തിട്ടുള്ളത്. ആര്‍ അശ്വിന്‍, പാറ്റ് കമിന്‍സ്, ക്രിസ് വോക്സ് എന്നിവരാണ് ജഡേജക്ക് പുറമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 100 വിക്കറ്റും ആയിരം റണ്‍സും പിന്നിട്ടവര്‍.

ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിൽ 4,000 റൺസും 300 വിക്കറ്റും നേടുന്ന നാലാമത്തെ മാത്രം താരമെന്ന റെക്കോർഡും ഇന്നലെ ജഡേജ സ്വന്തമാക്കിയിരുന്നു. ഇന്നലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങി വ്യക്തിഗത സ്കോര്‍ 10 റൺസിലെത്തിയപ്പോഴാണ് രവീന്ദ്ര ജഡേജ നേട്ടത്തിലെത്തിയത്. ഇതിഹാസ ഓള്‍ റൗണ്ടര്‍മാരായ കപിൽ ദേവ്, ഇയാൻ ബോതം, ഡാനിയൽ വെട്ടോറി എന്നിവർ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ജഡേജയ്ക്ക് മുൻപ് നാലായിരം റൺസും മുന്നൂറ് വിക്കറ്റും തികച്ചവര്‍. എൺപത്തിയെട്ടാം ടെസ്റ്റിലാണ് ജഡേജയുടെ നേട്ടം. ഇന്ത്യയില്‍ മാത്രം 250 വിക്കറ്റ് നേട്ടം തികയ്ക്കാനും ഇന്നലെ ജഡേജക്കായി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ ജഡേജ 27 റൺസെടുത്ത് പുറത്തായിരുന്നു. മുപ്പത്തിയാറുകാരനായ ജഡേജ രണ്ടാം ഇന്നിംഗ്സിൽ 29 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. ഐസിസി ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാമനായ ജഡേജ ആറ് സെഞ്ച്വറിയും 27 അർധസെഞ്ച്വറിയും ഉൾപ്പടെ 4017 റൺസെടുത്തിട്ടുണ്ട്. പതിനഞ്ച് അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പടെ 342 വിക്കറ്റും സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക