ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഇല്ലാതിരുന്ന നിതീഷ് കുമാര്‍ രണ്ടാം ഇന്നിംഗ്സില്‍ പകരക്കാരനായി ഇറങ്ങി ഷോര്‍ട്ട് കവറില്‍ ബെന്‍ ഡക്കറ്റിന്‍റെ തകര്‍പ്പന്‍ ക്യാച്ച് കൈയിലൊതുക്കിയിരുന്നു.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായത് കൈവിട്ട ക്യാച്ചുകളായിരുന്നു. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ബെന്‍ ഡക്കറ്റിനെ രവീന്ദ്ര ജഡേജയും യശസ്വി ജയ്സ്വാളും കൈവിട്ടപ്പോള്‍ ഒല്ലി പോപ്പിനെ ജയ്സ്വാള്‍ നിലത്തിട്ടു. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഹാരി ബ്രൂക്കിനെ കൂടി കൈവിട്ട ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സില്‍ 98ല്‍ നില്‍ക്കെ വീണ്ടും ഡക്കറ്റിനെ നിലത്തിട്ടിരുന്നു. ഇതോടെ ബുധനാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന് സ്ലിപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നതിന് സൂചനയായി ഇന്ത്യൻ ടീമിന്‍റെ ഇന്നത്തെ പരിശീലന സെഷന്‍.

യശസ്വി ജയ്സ്വാളിന് പകരം ഗള്ളിയിലും ഫോര്‍ത്ത് സ്ലിപ്പിലുമായി പരിശീലന സെഷനില്‍ ഫീല്‍ഡ് ചെയ്തത് നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു. ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഇല്ലാതിരുന്ന നിതീഷ് കുമാര്‍ രണ്ടാം ഇന്നിംഗ്സില്‍ പകരക്കാരനായി ഇറങ്ങി ഷോര്‍ട്ട് കവറില്‍ ബെന്‍ ഡക്കറ്റിന്‍റെ തകര്‍പ്പന്‍ ക്യാച്ച് കൈയിലൊതുക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പരിശീലന സെഷനില്‍ ഫീല്‍ഡിംഗ് കോച്ച് ടി ദീലീപ് നിതീഷിന് ഗള്ളിയില്‍ ക്യാച്ചിംഗ് പരിശീലനം നല്‍കിയത്.

കരുണ്‍ നായര്‍ ഫസ്റ്റ് സ്ലിപ്പിലും കെ എല്‍ രാഹുല്‍ സെക്കന്‍ഡ് സ്ലിപ്പിലും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ തേര്‍ഡ് സ്ലിപ്പിലും നിന്നപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു ഫോര്‍ത്ത് സ്ലിപ്പ്, ഗള്ളി പൊസിഷനുകളില്‍ ഫീല്‍ഡ് ചെയ്തത്. യശസ്വി ജയ്സ്വാളിനെ ലെഗ് സ്ലിപ്പിലാണ് ഫീല്‍ഡിംഗിന് നിയോഗിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറെലിന് ഷോര്‍ട്ട് ലെഗ്ഗിലും ഫീല്‍ഡിംഗിന് നിയോഗിച്ചു.

യഥാര്‍ത്ഥ മത്സരത്തിന്‍റെ സാഹചര്യങ്ങള്‍ ഒരുക്കിയായിരുന്നു ഇന്ന് ഇന്ത്യൻ ടീം ഫീല്‍ഡിംഗ് പരിശീലനം നടത്തിയത്. പരിശീലനസെഷനുശേഷം മാധ്യനമങ്ങളെക്കണ്ട ഇന്ത്യൻ സഹപരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച സൂചനകളും നല്‍കി. രണ്ട് സ്പിന്നര്‍മാരെ ബര്‍മിംഗ്ഹാമില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ ബുമ്ര തയാറാണെന്നും പറഞ്ഞ ഡോഷെറ്റെ നിതീഷ് കുമാര്‍ പ്ലേയിംഗ് ഇലവനില്‍ എത്തുന്നതിന് തൊട്ടടുത്താണെന്നും വ്യക്തമാക്കി.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ കളിച്ച അതേടീമിനെ ഇംഗ്ലണ്ട് നിലനിര്‍ത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക