പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ കരുതലോടെയാണ് ആലപ്പി തുടങ്ങിയത്.കെ എം ആസിഫെറിഞ്ഞ ആദ്യ ഓവറില്‍ ഒരു ബൗണ്ടറി അടക്കം അഞ്ച് റണ്‍സ് മാത്രം നേടിയ ആലപ്പി ശ്രീഹരി നായര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ വെടിക്കെട്ടിന് തിരികൊളുത്തി.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ആലപ്പി റിപ്പിള്‍സിന് തകര്‍പ്പന്‍ തുടക്കം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ആലപ്പി പവര്‍ പ്ലേിയല്‍ തകര്‍ത്തടിച്ച വെറ്ററന്‍ താരം ജലജ് സക്സേനയുടെ അര്‍ധസെഞ്ചുറി മികവില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 92 റണ്‍സടിച്ചിട്ടുണ്ട്. 25 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ജലജ് സക്സേന 40 പന്തില്‍ 70 റണ്‍സുമായും ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ 21 പന്തില്‍ 20 റണ്‍സുമായും ക്രീസില്‍.
പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ കരുതലോടെയാണ് ആലപ്പി തുടങ്ങിയത്.കെ എം ആസിഫെറിഞ്ഞ ആദ്യ ഓവറില്‍ ഒരു ബൗണ്ടറി അടക്കം അഞ്ച് റണ്‍സ് മാത്രം നേടിയ ആലപ്പി, ശ്രീഹരി നായര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ വെടിക്കെട്ടിന് തിരികൊളുത്തി. മൂന്ന് ഫോറും ഒരു സിക്സും അടക്കം 19 റണ്‍സാണ് ജലജും അസറുദ്ദീനും ചേര്‍ന്ന് രണ്ടാം ഓവറില്‍ അടിച്ചെടുത്തത്. ആസിഫ് എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറികള്‍ കൂടി നേടിയ ആലപ്പി ജോബിന്‍ ജോബി എറിഞ്ഞ നാലാം ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ കൂടി നേടി വെറും നാലോവറില്‍ 50 കടന്നു.
എന്നാല്‍ ജെറിന്‍ പി എസ് എറിഞ്ഞ അഞ്ചാം ഓവറില്‍ ജലജിന് കാര്യമായി സ്കോര്‍ ചെയ്യാനായില്ല. രണ്ട് റണ്‍സ് മാത്രമാണ് ജെറിന്‍ വിട്ടുകൊടുത്തത്. എന്നാല്‍ ജോബിന്‍ ജോബി എറിഞ്ഞ പവര്‍ പ്ലേിയലെ അവസാന ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ പറത്തിയ ജലജ് 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ആലപ്പി 66 റണ്‍സിലെത്തിയിരുന്നു.
കോച്ചി ബ്ലൂ ടൈഗേഴ്സ് ടീമില്‍ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നുണ്ട്. ഏഴ് കളികളില്‍ 10 പോയന്‍റുമായി കൊച്ചി പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ളപ്പോള്‍ ആറ് കളികളില്‍ മൂന്ന് ജയവുമായി ആറ് പോയന്‍റുള്ള ആലപ്പി അഞ്ചാമതാണ്.
ആലപ്പി റിപ്പിള്‍സ് പ്ലേയിംഗ് ഇലവന്‍: മുഹമ്മദ് അസ്ഹറുദ്ദീൻ (c & wk), ജലജ് സക്‌സേന, അഭിഷേക് പി നായർ, അക്ഷയ് ടികെ, മുഹമ്മദ് കൈഫ്, അരുൺ കെഎ, ശ്രീരൂപ് എംപി, മുഹമ്മദ് ഈനാൻ, ആദിത്യ ബൈജു, ശ്രീഹരി എസ് നായർ, രാഹുൽ ചന്ദ്രൻ.
കൊച്ചി ബ്ലൂ ടൈഗേഴ്സ് പ്ലേയിംഗ് ഇലവന്‍: വിനൂപ് മനോഹരൻ, സാലി സാംസൺ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, ജോബിൻ ജോബി, അജീഷ് കെ, ആൽഫി ഫ്രാൻസിസ് ജോൺ, നിഖിൽ തോട്ടത്ത് , അഫ്രദ് നാസർ, കെ എം ആസിഫ്, ജെറിൻ പി എസ്, ശ്രീഹരി എസ് നായർ.

