ലണ്ടന്‍: ക്രിക്കറ്റ് ലോകത്ത് വീണ്ടും മങ്കാദിങ് വിവാദം. ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടറില്‍ പാക് ബാറ്റ്സ്‌മാന്‍ മുഹമ്മദ് ഹറൈറയെ അഫ്‌ഗാന്‍ സ്‌പിന്നര്‍ നൂര്‍ അഹമ്മദ് മങ്കാദിങ്ങിലൂടെ പുറത്താക്കിയതാണ് പുതിയ സംഭവം. ഇതിനുപിന്നാലെ വിവാദ നിയമത്തെ ചൊല്ലി ക്രിക്കറ്റ് വേദികളില്‍ ചര്‍ച്ച പൊടിപൊടിക്കുകയാണ്. 

'നിയമം പിന്‍വലിക്കണം': ആന്‍ഡേഴ്‌സണ്‍

മങ്കാദിങ് നിയമം എടുത്തുകളയണമെന്ന ആവശ്യവുമായി ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ രംഗത്തെത്തി. ഈ നിയമം പിന്‍വലിക്കാന്‍ കഴിയുമോ എന്ന് ജിമ്മി ട്വീറ്റ് ചെയ്തു. ഐസിസിയെ ടാഗ് ചെയ്തും എംസിസിയെ പരാമര്‍ശിച്ചുമാണ് താരത്തിന്‍റെ ട്വീറ്റ്. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന സമിതിയാണ് എംസിസി(മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്). ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയാണ് എംസിസിയുടെ പ്രസിഡന്‍റ്. 

ഇത്തവണയും പുറത്തായത് ഫോമിലുള്ള ബാറ്റ്സ്‌മാന്‍

അഹമ്മദ് പന്തെറിയുന്നതിന് മുന്‍പ് ഹറൈറ ക്രീസിന് പുറത്താണെന്ന് റിപ്ലേയില്‍ വ്യക്തമായതോടെ മൂന്നാം അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റില്‍ ആദ്യ മത്സരം കളിച്ച ഹറൈറ അര്‍ധ സെഞ്ചുറി നേടി. 64 റണ്‍സെടുത്താണ് താരം പുറത്തായത്. ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ മങ്കാദിങ് സംഭവം ഇതാദ്യമല്ല. നാല് വര്‍ഷം മുന്‍പ് ബംഗ്ലാദേശില്‍ നടന്ന ലോകകപ്പില്‍ വിന്‍ഡീസ് താരം കീമോ പോളിനെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് ചര്‍ച്ചയായിരുന്നു. 

മങ്കാദിങ്: ആ പേര് കേള്‍ക്കുമ്പോഴെ ഓര്‍മ്മവരിക അശ്വിനെ

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്ട്‌ലറെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്‌പിന്നര്‍ ആര്‍ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. പുറത്താകുമ്പോള്‍ 43 പന്തില്‍ 69 റണ്‍സടിച്ച് തകര്‍പ്പന്‍ ഫോമിലായിരുന്നു ബട്ട്‌ലര്‍. ഐപിഎല്‍ ചരിത്രത്തില്‍ മങ്കാദിങ്ങിലൂടെ പുറത്തായ ആദ്യ താരമാണ് ജോസ് ബട്ട്‌ലര്‍. സംഭവത്തില്‍ അശ്വിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 

എന്താണ് മങ്കാദിങ്: നിയമം പറയുന്നതിങ്ങനെ

ബൗളര്‍ പന്ത് റിലീസ് ചെയ്യുംമുന്‍പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വീടുന്നത് തടയാനാണ് മങ്കാദിങ് നിയമം. ബൗളര്‍ പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസിന് പുറത്താണെങ്കില്‍ റണ്‍ഔട്ട് ആക്കാന്‍ കഴിയും എന്നാണ് ഈ നിയമം പറയുന്നത്. 1947ലെ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ബില്‍ ബ്രൗണിനെ വിനു മങ്കാദ് രണ്ടുവട്ടം ഇത്തരത്തില്‍ പുറത്താക്കിയതോടെയാണ് മങ്കാദിങ് എന്ന പേരുവീണത്.