ദുബായ്: ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് തികച്ചതിന് പിന്നാല്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ജയിംസ് ആന്‍ഡേഴ്‌സണ്‍. പാകിസ്ഥാനെതിരായ മികച്ച പ്രകടനത്തെ തുടര്‍ന്ന് താരം ആദ്യ പത്തില്‍ തിരിച്ചെത്തി. പുതിയ റാങ്കിങ് പ്രകാരം എട്ടാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍. പരമ്പരയില്‍ ഒന്നാകെ ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 11 വിക്കറ്റുകള്‍ താരം നേടിയിരുന്നു. ഈ പ്രകടനമാണ് ആന്‍ഡേഴ്‌സണ് തുണയായത്. 

ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ആന്‍ഡേഴ്‌സണ്‍ എട്ടാം സ്ഥാനത്തെത്തി്. അതേസമയം, ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് റാങ്കിങില്‍ തലപ്പത്ത് തുടരുകയാണ്. 904 പോയിന്റാണ് കമ്മിന്‍സിനുള്ളത്. ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡാണ് 845 പോയിന്റുമായി രണ്ടാംസ്ഥാനത്ത്. ജസ്പ്രീത് ബൂമ്രയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. ആന്‍ഡേഴ്‌സണ് പിന്നില്‍ ഒമ്പതാം സ്ഥാനത്താണ് ബൂമ്ര. 

ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിങില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സ് ഒരു സ്ഥാനം നഷ്ടമായി എട്ടാം സ്ഥാനത്തേക്കിറങ്ങി. പാകിസ്താനെതിരായ രണ്ടും മൂന്നും ടെസ്റ്റുകളില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. സ്റ്റോക്‌സ് ഇറങ്ങിയതോടെ ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര ഏഴാം സ്ഥാനത്തേക്ക് കയറി. 

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും സ്റ്റോക്‌സിന് ഒന്നാം സ്ഥാനം നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ സ്ഥാനം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിന്റെ ക്രിസ് വാക്‌സ് ഏഴാമതുണ്ട്. 

ടീമുകളില്‍ ഓസ്ട്രേലിയ ഒന്നാംസ്ഥാനത്തു തുടരുന്നു. 116 പോയിന്റാണ് ഓസീസിനുള്ളത്. ഒരു പോയിന്റ് പിന്നിലായി ന്യൂസിലാന്‍ഡാണ് രണ്ടംസ്ഥാനത്ത്. ഒരു പോയിന്റ് പിറകില്‍ ഇന്ത്യ മൂന്നൂം റാങ്കിങിലും നില്‍ക്കുന്നു. 105 പോയിന്റോടെ ഇംഗ്ലണ്ടാണ് നാലാം നമ്പറിലുള്ളത്.