ലണ്ടന്‍: ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണിന്റെ പരിക്ക് പൂര്‍ണമായും ഭേദമായെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകര്‍ക്ക് ലഭിക്കുന്ന പുതിയ വാര്‍ത്ത. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് മുമ്പ് താരത്തെ സെലക്ഷന് ലഭിച്ചേക്കും. ആശ്വാസം ലഭിക്കുന്ന വാര്‍ത്തയെങ്കിലും ഒരു തരത്തില്‍ കുഴപ്പിക്കുന്നുമുണ്ട്. 

കഴിഞ്ഞ ദിവസം ലങ്കാഷെയര്‍ സെക്കന്റ് ഇലവന്‍ ടീമിനെതിരെ ആന്‍ഡേഴ്‌സണ്‍ 20 ഓവര്‍ എറിഞ്ഞിരുന്നു. ഡര്‍ഹാം സെക്കന്റ് ഇലവനെതിരെ ഒരു മത്സരം കൂടി ബാക്കിയുണ്ട്. പരിക്കില്ലാതെ മത്സരം പൂര്‍ത്തിയാക്കിയാല്‍ താരത്തെ ആഷസ് ടീമിലേക്ക് പരിഗണിക്കേണ്ടി വരും.

ടീമില്‍ നിന്ന് ആരെ ഒഴിവാക്കുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റിനെ കുഴപ്പിക്കുന്ന പ്രശ്‌നം. ആന്‍ഡേഴ്‌സണ് പകരം ടീമിലെത്തിയ ജോഫ്ര ആര്‍ച്ചര്‍ തകര്‍പ്പന്‍ ഫോമിലാണ്. സ്റ്റുവര്‍ട്ട് ബ്രോഡും മികച്ച രീതിയില്‍ പന്തെറിയുന്നു. പിന്നെയുള്ളത് ക്രിസ് വോക്‌സാണ്. 

കഴിഞ്ഞ ടെസ്റ്റില്‍ 22 ഓവര്‍ എറിഞ്ഞിട്ടും രണ്ട് വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്ത്താന്‍ സാധിച്ചത്. ആന്‍ഡേഴ്‌സണെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ വോക്‌സ് പുറത്തുപോവേണ്ട അവസ്ഥ വരും. ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിലാണ് ആന്‍ഡേഴ്‌സണ് പരിക്കേറ്റത്. ആദ്യ ടെസ്റ്റില്‍ വെറും നാല് ഓവര്‍ മാത്രമേ എറിഞ്ഞാണ് ആന്‍ഡേഴ്‌സണ്‍ പരിക്കേറ്റ് പുറത്തുപോയത്.