സിഡ്‌നി: ഇന്ത്യക്കെതിരായ  ആദ്യ ഏകദത്തിവെടിക്കെട്ട് പ്രകടനമാണ് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്തെടുത്തത്. 19 പന്തുകള്‍ മാത്രം നേരിട്ട മാക്‌സ്‌വെല്‍ 45  റണ്‍സ് നേടി. മൂന്ന് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു മാക്‌സ്‌വെല്ലിന്റൈ ഇന്നിങ്‌സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് മാക്‌സ്‌വെല്‍. 

പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന സ്റ്റംപിന് കാഴ്ച്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു മാക്‌സ്‌വെല്ലിന്റെ പ്രകടനം. അതേസമയം മറ്റൊരു പഞ്ചാബ് താരം ജയിംസ് നീഷാമും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20യില്‍ 24 പന്തില്‍ 48 റണ്‍സാണ്  താരം അടിച്ചെടുത്തത്. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നു ഇരുവരും. നീഷാമിനേക്കാള്‍ കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച മാക്‌സി 11 മത്സരങ്ങളില്‍ 108 റണ്‍സ് മാത്രമാണ് നേടിയത്. 

എന്തായാലും ഇരുവരുടെയും പ്രകടനം ട്രോളര്‍മാര്‍ ആഘോഷമാക്കി. പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെതിരായിരുന്നു ട്രോളുള്‍ മുഴുവനും. അതിലൊരു ട്രോള്‍ നീഷാം റീട്വീറ്റ് ചെയ്യുകയും ചെയ്തു. പോരാതെ മാക്‌സ്‌വെല്ലിനെ മെന്‍ഷന്‍ ചെയ്യുകയും ചെയ്തിരുന്നു. രാജ്യത്തിനായി മികച്ച പ്രകടനം നടത്തുന്ന മാക്‌സ്‌വെല്ലിനേയും നീഷാമിനേയും കാണുന്ന പഞ്ചാബ് ക്യാപ്റ്റന്‍ എന്നായിരുന്നു ട്രോളിന്റെ സാരം. 

രാഹുലിന്റെ തലയുടെ ചിത്രം വെട്ടിയെടുത്ത് മറ്റൊരു ചിത്രത്തില്‍ ഒട്ടിച്ചായിരുന്നു ട്രോള്‍ പുറത്തിറക്കിയത്. രസകരമായ ട്രോള്‍ എന്നാണ് റീട്വീറ്റില്‍ നീഷാം കുറിച്ചിട്ടത്. എന്നാല്‍ മാക്‌സ്‌വെല്‍ നല്‍കിയ മറുപടിയായിരുന്നു രസകരം. ''ബാറ്റ് ചെയ്യുന്നതിനിടെ ഞാന്‍ രാഹുലിനോട് ക്ഷമാപണം നടത്തിയിരുന്നു.''  മാക്സ്വെല്‍ കമന്റ് ചെയ്തു. എന്തായാലും രണ്ട് പഞ്ചാബ് താരങ്ങളുടെ കൂടിച്ചേരല്‍ ക്രിക്കറ്റ് ആരാധകരിലും ചിരി പടര്‍ത്തി.

ഐപിഎല്‍ കളിച്ച  മാക്‌സവെല്‍ മാത്രമല്ല, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ആരോണ്‍ ഫിഞ്ച്, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരുടേതും മികച്ച പ്രകടനമായിരുന്നു. ഇരുവരും സെഞ്ചുറി നേടി. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് ആതിഥേയര്‍ നേടിയത്. ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. രണ്ടാം ഏകദിനം നാളെ നടക്കും.